
തിരുവനന്തപുരം: റൺവേയിലെ ലൈറ്റുകളുടെ തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറങ്ങേണ്ട ഏഴു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൽഹി, മുംബൈ, ബംഗളൂരു, അബുദാബി, ഷാർജ എന്നിവിടങ്ങളിൽനിന്നുമെത്തിയ യാത്രാ വിമാനങ്ങളെയും വായുസേനയുടെ രണ്ടു വിമാനങ്ങളെയുമാണ് തിരിച്ചുവിട്ടതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സാങ്കതിക പ്രശ്നം കണ്ടെത്തിയത്. (Trivandrum airport)
തുടർന്ന് ഇവിടെ ഇറങ്ങേണ്ടിയിരുന്ന അഞ്ചു യാത്രാവിമാനങ്ങളെ കൊച്ചിയിലേക്കും വായുസേനയുടെ രണ്ട് വിമാനങ്ങളെ കൊച്ചി, തഞ്ചാവൂർ എന്നിവിടങ്ങളിലേക്കും തിരിച്ചുവിട്ടു. സാങ്കേതിക തകരാറുകൾ പരിഹരിച്ചതിനെ തുടർന്ന് രാത്രി 7.30ന് ഏഴുവിമാനങ്ങളും മടങ്ങിയെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയുടെ പുനർനിർമാണം നടക്കുകയാണ്.
മാർച്ച് 29ന് നിർമാണം പൂർത്തിയാകുമെന്നും രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറുവരെ റൺവേ അടച്ചിട്ടാണ് നിർമാണം നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.