ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ, കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച വ്യക്തിയുടെ മൃതദേഹത്തിന്റെ ഭാഗമാണെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിൽ നിന്നുള്ള പോലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും.(The leg of a man found in Alappuzha Railway track)
കഴിഞ്ഞ തിങ്കളാഴ്ച കണ്ണൂർ എടക്കാട് സ്വദേശി മനോഹരൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. അപകടത്തിൽ മനോഹരന്റെ കാൽ വേർപ്പെട്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തി. നവംബർ 17-ന് കണ്ണൂരിൽ നിന്ന് സർവീസ് പൂർത്തിയാക്കിയ ശേഷമാണ് മെമു ട്രെയിൻ ഇന്നലെ ആലപ്പുഴയിലേക്ക് തിരിച്ചത്.
മെമു ട്രെയിനിന്റെ അടിയിൽ കുടുങ്ങിയ കാലിന്റെ ഭാഗം മനോഹരന്റേതു തന്നെയാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ രാവിലെ ഒൻപത് മണിയോടെ എറണാകുളം-ആലപ്പുഴ മെമു ട്രെയിൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കാൽ കണ്ടെത്തിയത്.
മെമു ട്രെയിൻ ട്രാക്കിൽ നിന്ന് യാർഡിലേക്ക് മാറ്റിയശേഷം ശുചീകരണ തൊഴിലാളികളാണ് മനുഷ്യന്റെ കാലിന്റെ ഭാഗം ആദ്യം കണ്ടത്. മുട്ടിന് താഴോട്ടുള്ള ഭാഗം ട്രാക്കിൽ വീണുകിടക്കുന്ന നിലയിലായിരുന്നു. റെയിൽവേ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏതാണ്ട് മൂന്ന് ദിവസത്തെ പഴക്കമുള്ള പുരുഷന്റെ മൃതദേഹ അവശിഷ്ടമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.