പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസ് നേതൃത്വത്തിന് നാണക്കേടായി ഒരു സംഭവം. രാവിലെ മാലയിട്ട് സ്വീകരിച്ച് പാർട്ടിയിൽ ചേർത്തയാൾ വൈകുന്നേരത്തോടെ അംഗത്വം വേണ്ടെന്ന് വെച്ച് പാർട്ടി വിട്ടു. പാലക്കാട് അലനല്ലൂരിലെ വ്യാപാരി നേതാവും സി.പി.എം. നേതാവ് പി.കെ. ശശിയുടെ ഭാര്യാ സഹോദരനുമായ ബാബു മെക്രോടെക്കിൻ്റേതാണ് ഈ അസാധാരണ 'ചാഞ്ചാട്ടം'.(The leader who was accepted as a member in the morning left the Congress party in the evening)
അലനല്ലൂർ കണ്ണംകുണ്ട് വാർഡിൽ പൊതു സ്വതന്ത്രനായി മത്സരിക്കുന്നതിന് പിന്തുണ തേടിയാണ് ബാബു കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചത്. എന്നാൽ പിന്തുണ നൽകുന്നതിന് പകരം, തന്നെ ധൃതിപിടിച്ച് പാർട്ടി അംഗത്വം നൽകി സ്വീകരിക്കുകയായിരുന്നു എന്നാണ് ബാബു മെക്രോടെക് വിശദീകരിക്കുന്നത്.
അതേസമയം, ബാബുവിൻ്റെ വാദം കോൺഗ്രസ് നേതൃത്വം തള്ളി. ബാബു പാർട്ടിയിൽ വരുന്ന കാര്യം നേരത്തെ അറിയാമായിരുന്നുവെന്നും, അംഗത്വ കാര്യം അദ്ദേഹമറിഞ്ഞു തന്നെയാണ് ചെയ്തതെന്നുമാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. രണ്ട് ഡി.സി.സി. ജനറൽ സെക്രട്ടറിമാർ, ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ബാബുവിന് കോൺഗ്രസ് സ്വീകരണമൊരുക്കിയത്.