തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉടൻ കൂടുതൽ നടപടി പ്രഖ്യാപിക്കാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരായ കൂടുതൽ നടപടികളെക്കുറിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് സണ്ണി ജോസഫ് അറിയിച്ചത്.(The law will take its course, Sunny Joseph on Rahul Mamkootathil issue)
"പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടി ക്രമങ്ങളുണ്ട്. രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു." നേരിട്ട് ലഭിച്ച പരാതിയിൽ വ്യക്തത ഇല്ലാത്തതിനാൽ അത് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
"എംഎൽഎ സ്ഥാനം രാജി വെക്കേണ്ടത് വ്യക്തിയാണ്. രാജി തീരുമാനിക്കേണ്ടത് രാഹുലാണ്." ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും കോടതി കാര്യങ്ങൾ അറിഞ്ഞിട്ട് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. രാഹുലിനെതിരെ കൂടുതൽ നടപടി ഉണ്ടാകുമോ എന്ന ചോദ്യങ്ങൾക്ക് 'ആലോചിക്കും' എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. കോൺഗ്രസ് പാർട്ടി നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ സണ്ണി ജോസഫ്, വിഷയത്തിൽ വിമർശനമുന്നയിക്കുന്ന സി.പി.എമ്മിനെതിരെ തിരിച്ചടിച്ചു.
"സിപിഎം പ്രതികളെ പാർട്ടിയുടെ തണലിൽ സംരക്ഷിക്കുന്നു. കോൺഗ്രസ്സ് അങ്ങനെയല്ല ചെയ്തത്. ശബരിമല കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു. അവരാണ് കോൺഗ്രസിനെ ഉപദേശിക്കുന്നത്." രാഹുൽ ആരോപണ വിധേയനായിരിക്കെ തിരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരണങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും, കോൺഗ്രസിന്റെ മേൽക്കൈ രാഹുൽ വിഷയത്തിൽ ഇല്ലാതായിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് തികഞ്ഞ പ്രതീക്ഷയിലാണെന്നും ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.