തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20-ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുകയെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. ആകെ 32 ദിവസത്തെ സമ്മേളനമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.(The last session of the 15th Legislative Assembly will begin from January 20, says Speaker)
2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേരള ബജറ്റ് ജനുവരി 29-ന് നിയമസഭയിൽ അവതരിപ്പിക്കും. പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്ന ആവശ്യങ്ങളിൽ സ്പീക്കർ നിയമപരമായ വശങ്ങൾ വിശദീകരിച്ചു. എംഎൽഎക്കെതിരെ ചില സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ അയോഗ്യനാക്കാനോ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിടാനോ നിയമസഭയിലെ മറ്റേതെങ്കിലും ഒരു അംഗം തന്നെ പരാതി നൽകേണ്ടതുണ്ട്. അത്തരമൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല.
എംഎൽഎ അറസ്റ്റിലായത് സഭയുടെ അന്തസ്സിനെ ബാധിക്കില്ലെന്ന് സ്പീക്കർ പറഞ്ഞു. "ഒരു കൊട്ടയിലെ ഒരു മാങ്ങ കേടായാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലല്ലോ" എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജനപ്രതിനിധികൾ സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. പൊതുസമൂഹം ജനപ്രതിനിധികളിൽ നിന്ന് നല്ല പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും ചിലരുടെ തെറ്റായ നടപടികൾ കൊണ്ട് സഭയെ മൊത്തത്തിൽ വിലയിരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.