
തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നുമുക്കിലെ ഒരു ലോഡ്ജ് മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയായ അസ്മിനയുടെ മൃതദേഹമാണ് ലോഡ്ജിലെ മുറിയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ലോഡ്ജ് ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോർജിനെ കാണാനില്ലെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രാഥമിക നിഗമനത്തിൽ ഇത് കൊലപാതകമാണെന്നാണ് പോലീസ് കരുതുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് ജോബി ജോർജ് യുവതിയെ തൻ്റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തി ലോഡ്ജിൽ കൊണ്ടുവന്നത്. ബുധനാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും ജോബിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചെങ്കിലും മുറി തുറക്കാൻ സാധിച്ചില്ല. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി വാതിൽ തള്ളിത്തുറന്നപ്പോഴാണ് കട്ടിലിൽ കിടക്കുന്ന നിലയിൽ അസ്മിനയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൻ്റെ കൈയിൽ ചെറിയ മുറിവുണ്ട്. മുറിക്കുള്ളിൽ പിടിവലി നടന്നതിൻ്റെ ലക്ഷണങ്ങളുണ്ടെന്നും പോലീസ് പറയുന്നു.ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ ജോബി ലോഡ്ജിൽനിന്ന് പുറത്തേക്ക് പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ഇയാൾക്കായാണ് പോലീസ് ഇപ്പോൾ ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നത്. ജോബി ജോർജ് അഞ്ച് ദിവസം മുൻപാണ് ഈ ലോഡ്ജിൽ ജോലിക്ക് എത്തിയത്.
ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.