
തിരുവനന്തപുരം: കാമിയോ ലൈറ്റ്‌സ് അക്കാദമിയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കനക്ക് ഇൻസ്റ്റിട്യൂട്ടും കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന കഥക്ക് വർക്ക്‌ഷോപ്പ് സമാപിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങ് പ്രശസ്ത ചലച്ചിത്ര സംവിധായിക വിധു വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രശസ്ത കഥക്ക് നർത്തകിയുമായ മോനിസ നായിക്കിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്. മുപ്പതോളം നർത്തകികൾ വർക്ക് ഷോപ്പിന്റെ ഭാഗമായി. സമാപന ചടങ്ങുകളുടെ ഭാഗമായി വർക്ക് ഷോപ്പിൽ പങ്കെടുത്തവരും കനക്കിലെ സീനിയർ വിദ്യാർത്ഥികളും ചേർന്ന് കനക്ക്ധാര എന്ന നൃത്ത ശിൽപ്പം അവതരിപ്പിച്ചു.