Janardhana Temple

നിത്യപൂജകളോ ദീപാലങ്കാരങ്ങളോ ഇല്ല; കാലത്തിന്റെ ഒഴുക്കിൽ ക്ഷയിച്ച പനമരത്തെ ജനാർദ്ദനക്ഷേത്രം| Janardhana Temple

Published on

'പനമരം' വയനാടിന്റെ പോരാട്ടഭൂമി. സ്വാതന്ത്ര്യ സമരത്തിന്റെയും പഴശ്ശി രാജയുടെ പടയോട്ട ഓർമ്മകൾ ഉറങ്ങുന്ന മണ്ണ്. പോരാട്ടങ്ങൾക്ക് മാത്രമല്ല ഒട്ടനവധി ക്ഷേത്രങ്ങൾക്കും പനമരം പ്രസിദ്ധമാണ്. നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവും ഉറങ്ങുന്ന ഇവിടെ ഒരു വിഷ്ണു ക്ഷേത്രമുണ്ട്. ക്ഷേത്രമെന്ന് കേൾക്കുമ്പോൾ കരുതാം നിത്യ പൂജകളാലും ദീപാലങ്കാരങ്ങളാലും സമ്പന്നമായ ക്ഷേത്രമെന്ന്. എന്നാൽ ഇവിടുത്തെ വിഷ്ണു ക്ഷേത്രം കാലത്തിന്റെ വെറുമൊരു അവശേഷിപ്പ് മാത്രമാണ്.  

പനമരത്തിന് അടുത്തായി കാപ്പി തോട്ടത്തിൽ നിലകൊള്ളുന്ന വളരെ പുരാതനമായ ഹൈന്ദവ ക്ഷേത്രമാണ് ജനാർദ്ദന ക്ഷേത്രം (Janardhana Temple). ശില്പകലയും അനുഷ്ഠാനപരമായ മൗനവും ചേർന്ന ഈ ക്ഷേത്രം, പ്രാചീനതയുടെ മനോഹര കാഴ്ചയാണ് സഞ്ചാരികൾക്ക് പ്രദാനം ചെയുന്നത്. ഈ പ്രദേശത്ത് ഒട്ടനവധി ജൈന ആരാധനാലയങ്ങൾ ഉള്ളതിനാൽ ഇത് ഒരു ജൈന ക്ഷേത്രമാണെന്ന് പലരും വിശ്വസിക്കുന്നു. എന്നിരുന്നാലും, ഇത് ഒരു ജൈന ആരാധനാലയമല്ല, മഹാവിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന ഹൈന്ദവ ക്ഷേത്രമാണ്. നിരവധി ജൈനമത ക്ഷേത്രങ്ങൾ ഈ പ്രദേശത്ത് നിലകൊണ്ടിരുന്നു. കർണാടകത്തിൽ നിന്നെത്തിയ ജൈനമതവിശ്വാസികൾ പന്ത്രണ്ടാം നൂറ്റാണ്ടിലായിരുന്നു ഇവിടെ കുടിയേറിയത്. പിന്നീട് രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം അവർ അപ്രത്യക്ഷമാകുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജനാർദ്ദന ക്ഷേത്രത്തെ കുറിച്ചും പലരും തെറ്റിദ്ധരിച്ചത്. 

ക്ഷേത്രത്തിന്റെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. ക്ഷേത്രചുമരുകളിലും തൂണുകളിലും ദശാവതാരങ്ങൾ, ശ്രീരാമൻ, ഹനുമാൻ തുടങ്ങിയ ദേവതാ രൂപങ്ങൾ മനോഹരമായി കൊത്തിപ്പണിയായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ ശിൽപങ്ങൾ വിജയനഗര സാമ്രാജ്യകാലത്ത് പണിതീർത്തതായി കരുത്തപ്പെടുന്നു. ഇപ്പോൾ ഈ ക്ഷേത്രം പഴയ ആചാരങ്ങളിലൊന്നുമില്ലാതെ നിശബ്ദമായി നിലകൊള്ളുന്നു. പ്രധാന തൂണുകൾ തകർന്ന്, തറകൾ ചിതറിനീങ്ങിയ അവസ്ഥയിലാണ്. നിലവിൽ കാലത്തെ അതിജീവിച്ച ക്ഷേത്രത്തിലെ 300-ലേറെ ശില്പങ്ങൾ വിജയനഗര സാമ്രാജ്യത്തിന്റെ ശില്പശൈലിയിൽ പണിതതാണെന്നതാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ.  മത്സ്യതൊഴിലാളിയുടെ ശില്പം, യുദ്ധദൃശ്യങ്ങൾ, ജൈന ദേവതാരൂപങ്ങൾ, ജലധാര ആകൃതികൾ തുടങ്ങി പലതും തീർച്ചയായും ഈ ക്ഷേത്രത്തെ ദക്ഷിണേന്ത്യൻ കലാപൈതൃകത്തിന്റെ മികച്ച ഉദാഹരണമാക്കി മാറ്റുന്നു. 

ഈ പ്രദേശം ഒരുകാലത്ത് ജൈനമതവിശ്വാസികളുടെ ആധാരകേന്ദ്രമായിരുന്നതിനാൽ, ഈ ക്ഷേത്രം ജൈനക്ഷേത്രമാണെന്ന് പൊതുഭാവനയുണ്ടായിരുന്നു. പക്ഷേ ദശാവതാരങ്ങളുടെയും വിഷ്ണുരൂപങ്ങളുടെയും സാന്നിധ്യം, ക്ഷേത്രഘടനയിലെ ഗർഭഗൃഹം, നവരംഗം, കലശ മണ്ഡപം, ഗോപുരം എന്നിവ ചേർന്ന് ഇത് ഒരു വൈഷ്ണവ സമ്പ്രദായ ക്ഷേത്രമാണ് എന്നതിൽ യാതൊരു സംശയവുമില്ല.

 

Times Kerala
timeskerala.com