തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രിമാരായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കും നിലവിലെ ദേവസ്വം മന്ത്രി വി.എൻ. വാസവനിലേക്കും അന്വേഷണം എത്തണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിൻ്റെ അറസ്റ്റിന് പിന്നിൽ സി.പി.ഐ.എം. ആണെന്നും അദ്ദേഹം ആരോപിച്ചു.(The investigation should reach Kadakampally Surendran and VN Vasavan, K Muraleedharan on Sabarimala gold theft case)
"ദേവസ്വം ബോർഡ് പ്രസിഡൻ്റും മെമ്പർമാരും മാത്രമായിട്ട് ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. സർക്കാരിനും മന്ത്രിമാർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് ബോർഡ് അംഗങ്ങളും പ്രസിഡൻ്റുമൊക്കെ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വിശദമായി അന്വേഷിക്കണം. അന്വേഷണം മന്ത്രിമാരിലേക്കും മുൻമന്ത്രിമാരിലേക്കും നീങ്ങണം," കെ. മുരളീധരൻ പറഞ്ഞു.
പത്മകുമാർ ഇങ്ങനെയൊരു പ്രവൃത്തി ചെയ്തുവെങ്കിൽ പാർട്ടി അറിഞ്ഞുതന്നെ ചെയ്തുവെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പരസ്യമായിട്ട് ഇളക്കി എടുത്തുകൊണ്ടുപോയി സ്വർണപാളികളെ ചെമ്പ് പാളികളാക്കി. ഇതൊന്നും ഒരു മന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാൽ അങ്ങനെയങ്ങ് വിഴുങ്ങാൻ ജനത്തിന് പ്രയാസമാണ്. അതുകൊണ്ടാണ് അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേക്കും എത്തണം എന്ന് ഞങ്ങൾ പറയാൻ കാരണം. ദേവസ്വം ബോർഡാണ് പ്രതി. പ്രസിഡൻ്റുമാർ മാത്രമല്ല, അതിൽ അംഗങ്ങളും കൂട്ടുപ്രതികളാണ്." അതേസമയം, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു.