കൊച്ചി: എറണാകുളം- ബെംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.മോദി ഭരണകൂടം സർക്കാർ സംവിധാനങ്ങളെ സംഘിവത്കരിക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കെ സി വേണുഗോപാൽ കത്ത് നൽകി. റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിന്റെ വേദിയാക്കിയത് ദൗർഭാഗ്യകരമാണ്. അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം. ദേശീയ സങ്കൽപ്പങ്ങളെ അപമാനിക്കുന്നതാണിത്.
കുട്ടികളുടെ തലച്ചോറിലും മനസ്സിലും വർഗീയവിഷം കുത്തിവെയ്ക്കുന്ന ആർഎസ്എസിന്റെ ദംഷ്ട്രകൾ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞു. ഇത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല.
ദേശീയഗാനം മുഴങ്ങിക്കേൾക്കേണ്ട വേദികളിൽ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ്. കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിക്കണ്ടേതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.