കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ സർക്കാരിനെ ന്യായീകരിച്ച് മന്ത്രി എം.ബി. രാജേഷ്. വാട്ടർ അതോറിറ്റി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രാഥമിക അനുമതി നൽകിയതെന്ന് അദ്ദേഹം വിശദീകരിച്ചു.(The High Court verdict is not a setback, Minister MB Rajesh on the Elappully Brewery issue)
പദ്ധതിക്ക് വെള്ളം നൽകാമെന്ന് വാട്ടർ അതോറിറ്റി ആദ്യം സമ്മതിച്ചിരുന്നു. ഇതിന്റെ രേഖകൾ സർക്കാരിന്റെ പക്കലുണ്ട്. എന്നാൽ പിന്നീട് വാട്ടർ അതോറിറ്റി കോടതിയിൽ ഈ നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ തീരുമാനത്തെ കോടതി കുറ്റപ്പെടുത്തിയിട്ടില്ല. ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കമ്പനി വീണ്ടും അപേക്ഷ നൽകിയാൽ സർക്കാരിന് അത് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ച് വിശദമായ പഠനം വേണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഇത് സ്വാഭാവികമായ ഒരു നടപടിക്രമമാണെന്നും ഇതിനെ തിരിച്ചടിയായി കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ കാര്യമായ പഠനങ്ങൾ നടത്താതെയാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്തണം. പഠന റിപ്പോർട്ടിന് ശേഷം മാത്രമേ അനുമതി നൽകുന്ന കാര്യം തീരുമാനിക്കാവൂ. ജലലഭ്യത ഉറപ്പാക്കുന്നതിൽ അവ്യക്തതയുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി.