

കൊച്ചി: പാലക്കാട്, എറണാകുളം ജില്ലകളിലായി തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ജില്ലാ കലക്ടർമാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹർജി ഹൈകോടതി തള്ളി. പള്ളിയിൽ പ്രവേശിക്കാനും ശുശ്രൂഷകൾ നടത്താനും വികാരി ഉൾപ്പെടെയുള്ളവർക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർ വേണ്ട സഹായങ്ങൾ ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.
എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ ഓർത്തഡോക്സ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, പാലക്കാട് ജില്ലയിലെ മംഗളംഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കിൻചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി എന്നീ പള്ളികൾ ഏറ്റെടുക്കാനാണ് ആഗസ്റ്റ് 30ന് കലക്ടർമാർക്ക് സിംഗിൾബെഞ്ച് നിർദേശം നൽകിയിരുന്നത്. ഇത് ചോദ്യം ചെയ്ത് ഫാ. കെ.കെ. മാത്യൂസ് ഉൾപ്പെടെ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.