ആനുകൂല്യങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തിക്കുകയാണ് സർക്കാർ നിലപാട്: മന്ത്രി ജി.ആർ അനിൽ

ആനുകൂല്യങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തിക്കുകയാണ് സർക്കാർ നിലപാട്: മന്ത്രി ജി.ആർ അനിൽ
Published on

അർഹതപ്പെട്ട കൈകളിൽ പട്ടയം പെൻഷൻ, തുടങ്ങിയ ആനുകൂല്യങ്ങൾ എത്തിക്കുകയാണ് സർക്കാർ നിലപാടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പട്ടയമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ അസംബ്ലിയും ഓരോ മണ്ഡലത്തിലും ഭൂരഹിതരെ കണ്ടെത്തി അവരുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണ്. പട്ടയം ഇല്ലാതെ ജീവിക്കുന്നവർക്ക് മാത്രമേ ആ വിഷമം മനസ്സിലാകൂവെന്നും സാധാരണക്കാരെ ചേർത്തു നിർത്തുകയാണ് സർക്കാർ സമീപനമെന്നും മന്ത്രി വ്യക്തമാക്കി.

നെടുമങ്ങാട് മണ്ഡലത്തിൽ നാലര വർഷത്തിനിടെ പട്ടയത്തിനായി 484 അപേക്ഷകൾ ലഭിച്ചു. ഇതുവരെ 373 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ജനുവരിയിൽ വീണ്ടും പട്ടയ മേള സംഘടിപ്പിച്ച് അവസാനത്തെയാളിന്റെയും പട്ടയ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ച പട്ടയമേളയിൽ 41 പുതിയ പട്ടയങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം താലൂക്കിലെ 17 പേർക്കും നെടുമങ്ങാട് താലൂക്കിലെ 24 പേർക്കുമാണ് പട്ടയങ്ങൾ ലഭിച്ചത്.

വാളിക്കോട് വഴിയോര വിശ്രമകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ആർ.ഡി.ഒ കെ. പി ജയകുമാർ, തഹസിൽദാർ ഷെഫീക്ക്. വൈ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com