സാമൂഹിക നീതിയിലധിഷ്ഠിതമായ വിജ്ഞാന വ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

Maharaja's College
Published on

സാമൂഹിക നീതിയിലധിഷ്ഠിതമായ വിജ്ഞാന വ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തും സംസ്ഥാന സാക്ഷരതാ മിഷനും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന മുതിർന്ന പഠിതാക്കളുടെ ബിരുദ പഠനത്തിന്‍റെ പ്രവേശനോത്സവം ആലപ്പുഴ എസ്.ഡി. കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പലകാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയ വ്യക്തികളെയും മുതിര്‍ന്ന പൗരന്മാരെയും ബിരുദധാരികളാക്കുന്ന ബൃഹത് പദ്ധതിയാണിത്. ജീവിതവഴികളില്‍ വലിയ ദിശമാറ്റമാണ് ഈ പഠിതാക്കളെ കാത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിയുടെ ഭാഗമായി ഒരു പുതിയ വൈജ്ഞാനിക സമൂഹമായി കേരളത്തെ രൂപപ്പെടുത്തുക എന്ന് പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങുകയാണ് നാം. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വലകലാശാല. കാമ്പസ് മതില്‍കെട്ടിന് പുറത്ത് സമൂഹത്തില്‍ അറിവിന്റെ വെളിച്ചം പ്രസരിപ്പിക്കുന്ന നിരവധി പദ്ധതികളിലൂടെ കുറഞ്ഞകാലം കൊണ്ട് വിസ്മയാവഹമായ നേട്ടമാണ് സര്‍വകലാശാല കൈവരിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കുന്ന പദ്ധതികളാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നതെന്നും ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെക്കുറിച്ച് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. ബിരുദധാരികളാകാന്‍ ആഗ്രഹമുള്ള മുഴുവന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും പാതിവഴിയില്‍ മുടങ്ങിയ ചെറുപ്പക്കാര്‍ക്കും താങ്ങാവുന്ന രീതിയിലാണ് പദ്ധതി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജില്ലാപഞ്ചായത്താണ് ഫീസും അനുബന്ധ പിന്തുണയും ഉറപ്പാക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ ബിരുദ പഠനരംഗത്തേക്ക് കടന്നുവന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്താണ് ആലപ്പുഴയെന്നും 600 പഠിതാക്കള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്നവരുടെ ബിരുദ പഠനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി തെരെഞ്ഞെടുക്കപ്പെട്ട 80 കാരന്‍ ഗോപി ദാസിനെ എച്ച് സലാം എംഎല്‍എ ആദരിച്ചു. അറിവിന്റെ പ്രാധാന്യം ഈ പ്രായത്തിലും ഹൃദയത്തോട് ചേര്‍ത്തുവെച്ച ഗോപിച്ചേട്ടനെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും വിജ്ഞാനവും സ്നേഹവുമാണ് ഏറ്റവുമധികം വിലമതിക്കപ്പെടേണ്ടതെന്നും എംഎല്‍എ പറഞ്ഞു. ശ്രീനാരായണ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി പി ജഗതിരാജ്, എസ് ഡി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി പ്രഭാകരന്‍ നായര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ധാരാണപത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ കൈമാറി. സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന പദ്ധതി വിശദീകരിച്ചു. ശ്രീനാരായണ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി പി ജഗതിരാജ് മുഖ്യപ്രഭാഷണം നടത്തി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. വി പി പ്രശാന്ത് മുതിര്‍ന്ന പഠിതാക്കളെ ആദരിച്ചു. നഗരസഭ ചെയര്‍പെഴ്സണ്‍ കെ കെ ജയമ്മ മുഖ്യാതിഥിയായി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി ഹരിദാസ്, ജില്ലാപഞ്ചായത്ത് ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ എം വി പ്രിയ, ബിനു ഐസക് രാജു, അഡ്വ. ടി എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആര്‍ റിയാസ്, ഗീതാ ബാബു, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ബിന്‍സ് സി തോമസ്, സാക്ഷരത മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ വി രതീഷ്, അസി. കോഓഡിനേറ്റര്‍ എസ് ലേഖ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാര്‍, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com