'തീരുമാനം എടുക്കേണ്ടത് സർക്കാർ': പുനർജനി കേസിൽ MV ഗോവിന്ദൻ | Punarjani case

നിയമപരമായി ചെയ്യാൻ കഴിയുന്നത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
'തീരുമാനം എടുക്കേണ്ടത് സർക്കാർ': പുനർജനി കേസിൽ MV ഗോവിന്ദൻ | Punarjani case
Updated on

തിരുവനന്തപുരം: പുനർജ്ജനി കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായി സിബിഐ അന്വേഷണം വേണമെന്ന വിജിലൻസ് ശുപാർശയിൽ സംസ്ഥാന സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് എം.വി. ഗോവിന്ദൻ. വിദേശ പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ട ഗൗരവകരമായ വിഷയമാണിതെന്നും നിയമപരമായി എന്ത് ചെയ്യാൻ കഴിയുമോ അത് സർക്കാർ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(The government should take the decision, MV Govindan in Punarjani case)

കേന്ദ്ര ഏജൻസികളെ സംബന്ധിച്ച് സിപിഐഎമ്മിന് വ്യക്തമായ നിലപാടുണ്ട്. എന്നാൽ ഈ കേസിൽ വിദേശ പണം സ്വരൂപിച്ചതിലെ ചട്ടലംഘനമാണ് പ്രധാന വിഷയം. സർക്കാർ ഇതിൽ ആവശ്യമായ നിലപാട് സ്വീകരിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കമാണിതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അദ്ദേഹം തള്ളി. നിയമപരമായ നടപടികളും തിരഞ്ഞെടുപ്പും തമ്മിൽ താരതമ്യം ചെയ്യേണ്ടതില്ല എന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്ത് പോയി അനുമതിയില്ലാതെ പണം സ്വരൂപിക്കാൻ ആർക്കും അവകാശമില്ല. സിബിഐ അന്വേഷണം എന്നത് എല്ലാത്തിന്റെയും അവസാന വാക്കാണെന്ന നിലപാട് തങ്ങൾക്കില്ലെന്നും, എന്നാൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ച സാഹചര്യത്തിൽ സർക്കാർ അത് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പറവൂർ മണ്ഡലത്തിലെ പുനർജ്ജനി പദ്ധതിക്കായി വിദേശത്ത് നിന്ന് പണം പിരിച്ചതിൽ ക്രമക്കേടുണ്ടെന്ന് കാട്ടിയാണ് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നൽകിയത്. 2010-ലെ എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം നടന്നതായാണ് കണ്ടെത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com