തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസിൽ ഗൂഢാലോചന നടത്തിയത് ആരാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.(The government is with the survivor, says MV Govindan on actress assault case)
"അതിജീവിതയ്‌ക്കൊപ്പമാണ് സർക്കാർ. നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ഗൂഢാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും" എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. പക്ഷേ അത് കൃത്യമായ രീതിയിൽ തെളിയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കേസിന്റെ വിധിയിൽ യഥാർത്ഥത്തിൽ ഗൂഢാലോചന തെളിയിക്കപ്പെടുന്നതിനായി പ്രോസിക്യൂഷൻ അപ്പീൽ പോകും.
അതിജീവിത വിധിയിൽ തൃപ്തിയില്ലെന്നാണ് പ്രതികരിച്ചത്. അവരുടെ തൃപ്തിയാണ് പ്രധാനമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. പ്രോസിക്യൂഷന് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ പ്രതികരണത്തിന് പ്രസക്തിയില്ലെന്നും, എല്ലാ ക്രിമിനലുകളേയും നേരിട്ടുകൊണ്ടാണ് പോലീസ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.