

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സർക്കാർ അന്നും ഇന്നും എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും, വിധി വിശദമായി പഠിച്ച ശേഷം തുടർനടപടി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.(The government is with the survivor, Minister Saji Cherian on the verdict acquitting Dileep)
കോടതി കേസിൽ നിരീക്ഷണം നടത്തി വിധി പറഞ്ഞിരിക്കുകയാണ്. കോടതിയുടെ നിഗമനങ്ങളും നിരീക്ഷണങ്ങളും പഠിച്ച ശേഷമേ അഭിപ്രായം പറയാനാകൂ. കോടതി വിധി പരിശോധിച്ച് സർക്കാർ കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇത്തരമൊരു വിഷയം ആദ്യം ഉണ്ടായപ്പോൾ തന്നെ എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന നിലപാടാണ് സർക്കാരിനുണ്ടായിരുന്നത്," അദ്ദേഹം പറഞ്ഞു.
അതിജീവിതക്കൊപ്പമാണ് എന്ന് വ്യക്തമാക്കിയ സർക്കാർ ഒരു സിനിമാ നയം തന്നെ രൂപീകരിക്കാനുള്ള സാഹചര്യം വരെയുണ്ടാക്കി. സർക്കാരിന്റെ നിലപാടിൽ നിന്ന് പിന്നോട്ടു പോകില്ല. ആറു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അവർക്കെതിരായ കോടതിയുടെ നിരീക്ഷണം അടക്കം അറിയേണ്ടതുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.