സ്‌കൂൾ പാചക തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുന്നത് സർക്കാർ ആലോചനയിൽ: മന്ത്രി വി ശിവൻകുട്ടി

സ്‌കൂൾ പാചക തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുന്നത് സർക്കാർ ആലോചനയിൽ: മന്ത്രി വി ശിവൻകുട്ടി
Published on

സ്‌കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിനായി, അടിസ്ഥാന പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കെ റ്റി ഡി സി യുടെ സഹകരണത്തോടെ പി.എം പോഷൺ - പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂൾ പാചക തൊഴിലാളി മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ കുട്ടികൾക്ക് പോഷക സമൃദ്ധവും രുചികരവുമായ ഉച്ചഭക്ഷണം ഒരുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പാചകത്തൊഴിലാളികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ നൈപുണ്യം വർധിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ കാൽവയ്പാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ശുചിത്വം, സുരക്ഷ, പരിഷ്‌കരിച്ച മെനു അനുസരിച്ചുള്ള പാചകം എന്നീ വിഷയങ്ങൾക്കാണ് പരിശീലനത്തിൽ പ്രധാന ഊന്നൽ നൽകുന്നത്. എല്ലാ അധ്യയന വർഷാരംഭത്തിലും പാചക തൊഴിലാളികൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് മുഖാന്തരം പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലനം നല്കി വരുന്നുണ്ട്. ഇത്തവണയും ഇത്തരത്തിൽ ആറ് ജില്ലകളിൽ പരിശീലനം നടന്നു. കൂടുതൽ മികച്ച രീതിയിൽ പരിശീലനം സംഘടിപ്പിക്കുന്നതിന് ഇത്തവണ കെ റ്റി ഡി സി യുടെ സഹകരണത്തോടെ 8 ജില്ലകളിൽ 30 മാസ്റ്റർ ട്രെയിനർമാർക്ക് വീതം പരിശീലനം നല്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. തുടർന്ന് ഈ മാസ്റ്റർ ട്രെയിനർമാർ മറ്റു തൊഴിലാളികൾക്ക് പരിശീലനം നല്കും. ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിച്ച സാഹചര്യത്തിൽ ഇത് ഏറെ പ്രയോജനപ്രദമാകും. ഫോർട്ടിഫൈഡ് അരിയും മില്ലറ്റും ഉപയോഗിച്ച് വിവിധയിനം വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനം തൊഴിലാളികൾക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച് രുചികരമായ കറികൾ തയ്യാറാക്കുന്നതും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സംരംഭം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയെ കൂടുതൽ കാര്യക്ഷമവും പോഷക സമൃദ്ധവുമാക്കാൻ സഹായിക്കും.

പാചകതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഈ വർഷം മുതൽ ഫയർ ആന്റ് റെസ്‌ക്യു വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷാ പരിശീലനം കൂടി ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് പാചക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ നേരിൽ കേട്ട മന്ത്രി, ഇക്കാര്യങ്ങൾക്ക് മുന്തിയ പരിഗണന നല്കുമെന്നും വ്യക്തമാക്കി.

ഉദ്ഘാടന യോഗത്തിന് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ സന്തോഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ബിന്ദു ആർ., ഉച്ചഭക്ഷണ വിഭാഗം സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 30 മാസ്റ്റർ ട്രെയിനർമാർ പരിശീലനത്തിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com