തിരുവനന്തപുരം: ജയിൽ തടവുകാരുടെ ദിവസവേതനം 230 രൂപയിൽ നിന്ന് 620 രൂപയായി ഉയർത്തിയ സർക്കാർ നടപടിയെ ഇ.പി. ജയരാജൻ ന്യായീകരിച്ചു. ജയിലിൽ കഴിയുന്നവർ പാവങ്ങളാണെന്നും പല കാരണങ്ങൾ കൊണ്ട് കുറ്റവാളികളായവരാണെന്നും അദ്ദേഹം പറഞ്ഞു. (The government has made timely reforms, EP Jayarajan on prisoners' wage hike)
ജയിലിലെ അത്യാവശ്യ കാര്യങ്ങൾക്കായി ഈ തുക അവർക്ക് ഉപകരിക്കുമെന്നും ഈ പരിഷ്കാരത്തെ എതിർക്കുന്നത് തെറ്റായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമാവധി ദിവസവേതനം 230 രൂപയായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 620 രൂപയായി സർക്കാർ വർധിപ്പിച്ചിരിക്കുന്നത്. ജയിൽ വകുപ്പ് 350 രൂപയാക്കി വർധിപ്പിക്കാനാണ് ശുപാർശ നൽകിയിരുന്നത്. എന്നാൽ സർക്കാർ ഇത് 620 രൂപയായി ഉയർത്താൻ തീരുമാനിക്കുകയായിരുന്നു.
ഈ തീരുമാനത്തോടെ ഇന്ത്യയിൽ തടവുകാർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനമായി കേരളം മാറി. തടവുകാരുടെ വേതനത്തെ വിമർശിക്കുന്നവർ തൊഴിലുറപ്പ് തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും വേതനം വർധിപ്പിക്കാനാണ് കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടതെന്ന് ജയരാജൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തിയത് മാനുഷികമായ പരിഗണന മുൻനിർത്തിയുള്ള കാലോചിതമായ പരിഷ്കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.