

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പാക്കാൻ കഴിയുന്ന ഗവൺമെന്റാണ് ഇതെന്ന തെറ്റിദ്ധാരണ ആർക്കും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാരിന് പരിമിതികളുണ്ടെങ്കിലും ജനങ്ങൾക്ക് ആശ്വാസം നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻജിഒ യൂണിയന്റെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.(The government cannot implement all the slogans of the Communist Party, says MV Govindan)
അവസരം ഉപയോഗിച്ച് ജനങ്ങളെ സഹായിക്കുമെന്നും, ജനങ്ങൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ കൊടുക്കാനാകുമെന്നും പറഞ്ഞ അദ്ദേഹം, അതാണ് നമുക്ക് ചെയ്യാനാകുന്ന ആയുധമായിട്ടുള്ളത് എന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
"ഒരുഭാഗത്ത് പരിമിതിയുണ്ട്, മറുഭാഗത്ത് അവസരവുമുണ്ട്. അവസരം ഉപയോഗിച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുക. പരിമിതിയുണ്ട് എന്ന് ജനങ്ങളും മനസ്സിലാക്കുക." കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്നതിന് തനിക്ക് പരിമിതിയുണ്ടെന്നും ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയെച്ചൊല്ലി ഇടതുമുന്നണിയിൽ സിപിഐയുമായി ഭിന്നത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഈ പരാമർശം എന്നത് ശ്രദ്ധേയമാണ്.