വി എസിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ്‌ എന്നും അപരിഹാര്യമായി നിലനിൽക്കും ; വൈക്കം വിശ്വന്‍ |vaikom viswan

വി എസ് ചോര നൽകി വളർത്തിയ കർഷകത്തൊഴിലാളി പ്രസ്ഥാനം രാജ്യമാകെ വളർന്നത്.
vaikom vishwam
Published on

കോട്ടയം : വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം വൈക്കം വിശ്വന്‍. വി എസ് ചോര നൽകി വളർത്തിയ കർഷകത്തൊഴിലാളി പ്രസ്ഥാനം രാജ്യമാകെ വളർന്നത്.അടിമതുല്യമായ ജീവിതം ഉണ്ടായിരുന്ന മനുഷ്യനെ, മനുഷ്യനായി ഉയർത്തികൊണ്ട് വരുന്ന വലിയ പ്രവർത്തനശൈലിയായിരുന്നു വിഎസ് കൈകൊണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വൈക്കം വിശ്വന്റെ കുറിപ്പ് ....

കാണുന്നതിനു മുമ്പേ കേട്ടറിഞ്ഞിരുന്നു വി എസിനെക്കുറിച്ച്‌... കുട്ടനാട്ടിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ അലയൊലികൾ വൈക്കത്തുമുണ്ടായിരുന്നു. അദ്ദേഹം ചോരനൽകി വളർത്തിയ കർഷകത്തൊഴിലാളി പ്രസ്ഥാനം രാജ്യമാകെ വളർന്നു. തൊഴിലാളികൾക്ക്‌ അദ്ദേഹം കമ്യൂണിസ്റ്റ്‌ ബോധം പകർന്നു.

""തീരെ ചെറുപ്പമായിരുന്നപ്പോൾ മുതൽ വി എസ്‌ എന്ന കരുത്തനായ നേതാവിനെക്കുറിച്ച്‌ കേട്ടിരുന്നു. പുന്നപ്ര വയലാർ സമരകാലത്ത്‌ ലോക്കപ്പിലേറ്റ ഭീകരമായ മർദനം അദ്ദേഹത്തെ തളർത്തിയില്ല. കൂടുതൽ തന്റേടത്തോടെ പോരാട്ടം തുടർന്നു. 1957ൽ ആദ്യ ഇ എം എസ്‌ സർക്കാർ വന്നു. ആ സമയത്താണ്‌ ദേവികുളത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ വരുന്നത്‌. റോസമ്മ പുന്നൂസ്‌ ആയിരുന്നു പാർടി സ്ഥാനാർഥി.

അന്ന്‌ ഇടുക്കി ജില്ലയില്ല, ദേവികുളം കോട്ടയം ജില്ലയിലാണ്‌. തെരഞ്ഞെടുപ്പിന്റെ മുഖ്യചുമതല വി എസിനായിരുന്നു. ഞങ്ങൾ ഒന്നിച്ച്‌ പ്രവർത്തിച്ച തെരഞ്ഞെടുപ്പിൽ റോസമ്മ വിജയിച്ചു. വിദ്യാർഥിരാഷ്‌ട്രീയത്തിൽ സജീവമായ കാലത്ത്‌ വി എസുമായി കൂടുതൽ അടുത്തു. ഓരോ പ്രദേശത്ത്‌ വരുമ്പോഴും അവിടുത്തെ രീതിയായിരുന്നു അദ്ദേഹത്തിന്‌. കോട്ടയം ജില്ലയുടെ മുഴുവൻ പ്രദേശങ്ങളും അദ്ദേഹത്തിന്‌ നേരിട്ടറിയാമായിരുന്നു.

കുടുംബകാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളുമൊക്കെ പങ്കുവച്ചിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ഞാൻ എൽഡിഎഫ്‌ കൺവീനറായിരുന്നു. എൽഡിഎഫിന്റെ തീരുമാനങ്ങൾ പൂർണരൂപത്തിൽ നടപ്പാക്കാനുള്ള കരുത്ത്‌ വി എസ്‌ കാണിച്ചു. പ്രസ്ഥാനത്തിന്‌ ആത്മവിശ്വാസം നൽകുന്ന വ്യക്തിത്വമായിരുന്നു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിലാണ്‌ അവസാനമായി കാണുന്നത്‌. ""വി എസ്സേ, എന്തുണ്ട്‌'എന്ന്‌ ചോദിച്ചെങ്കിലും, ഓർമ നഷ്ടപ്പെട്ടിരുന്ന അദ്ദേഹം മറുപടി പറഞ്ഞില്ല. അതെനിക്ക്‌ വലിയ ദു:ഖമായി. വി എസ്‌ അച്യുതാനന്ദന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ്‌ എന്നും അപരിഹാര്യമായി നിലനിൽക്കും.

Related Stories

No stories found.
Times Kerala
timeskerala.com