കലാഭവൻ നവാസിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ ലോകം | Kalabhavan Nawas

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ നവാസിന് ആദരാഞ്ജലി അർപ്പിച്ചു
Nawas
Published on

അന്തരിച്ച നടനും മമിക്രി കലാകാരനുമായ കലാഭവൻ നവാസിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ ലോകം. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ നവാസിന് ആദരാഞ്ജലി അർപ്പിച്ചു.

'എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളത്. നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ' - എന്നാണ് മോഹൻലാൽ കുറിച്ചത്.

"പൂർത്തിയാകാതെ പോയ ഒരു സിനിമയുടെ ദുബായിയിലെ സെറ്റിൽ വെച്ചാണ്, വർഷങ്ങൾക്കു മുമ്പ്, നവാസിനെയും സഹോദരൻ നിയാസിനെയും പരിചയപ്പെടുന്നത്. ആ സിനിമയിൽ തന്‍റെ കൂട്ടുകാരന്‍റെ വേഷമായിരുന്നു നവാസിന്. പിന്നീടുള്ള കൂടിക്കാഴ്ചകൾ അപൂർവമായിരുന്നെങ്കിലും, ആ കൂട്ട് എന്നും മനസ്സിൽ ഉണ്ടായിരുന്നു. ഇപ്പോൾ പൂർത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം വല്ലാതെ സങ്കടപ്പെടുത്തുന്നു." നടൻ റഹ്മാൻ കുറിച്ചു.

‘പ്രിയ സുഹൃത്തേ, നിന്നെ എക്കാലവും മിസ് ചെയ്യും’ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്.

"സുഹൃത്ത് എന്നതിലുപരി നവാസ് സ്വന്തം സഹോദരനായിരുന്നു. നവാസുമായുള്ള സ്നേഹബന്ധം ഓർമകളിൽ ഒരു നിധിപോലെ എന്നെന്നും സൂക്ഷിക്കുക്കും." - സമൂഹമാധ്യത്തിൽ പങ്കുവെച്ച പോസ്റ്റിൽ നടൻ ഷമ്മി തിലകൻ കുറിച്ചു.

മരണ വിവരമറിഞ്ഞ് നിരവധി പേരാണ് വെള്ളിയാഴ്ച രാത്രി ആശുപത്രിയിലേക്ക് എത്തിയത്. കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, കെ.എസ്. പ്രസാദ്, കൈലാഷ്, മണികണ്ഠൻ ആചാരി, പി.പി. കുഞ്ഞികൃഷ്ണൻ, അസീസ്, സരയു, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com