'സിനിമ സീതാദേവിയുടെ പവിത്രതയേയും അന്തസ്സിനേയും ഹനിക്കുന്നത്'; ഹൈക്കോടതിയിൽ വിചിത്ര വാദങ്ങളുമായി കേന്ദ്ര സെൻസർ ബോർഡ് | JSK controversy
കൊച്ചി: ജെ.എസ്.കെ സിനിമ വിവാദത്തിൽ വിചിത്ര വാദങ്ങളുമായി കേന്ദ്ര സെൻസർ ബോർഡ് ഹൈക്കോടതിയിൽ. സിനിമയിലെ പ്രധാന കഥാപാത്രമായ ജാനകി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതും, നീതി തേടി അലയുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇത് സീതാദേവിയുടെ പവിത്രതയേയും അന്തസ്സിനേയും ഹനിക്കുന്നതാണെന്നാണ് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്.
‘ജാനകി’ എന്ന പേര് ഉപയോഗിച്ചത് മതപരമായ പ്രാധാന്യം ചൂഷണം ചെയ്യാൻ വേണ്ടിയാണെന്നും ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി നൽകുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ഭാവിയിൽ സമാനമായ രീതിയിൽ മറ്റ് ചിത്രങ്ങൾക്കും ഇത് വഴിതുറക്കുമെന്നും സെൻസർ ബോർഡ് വാദിച്ചു.
"ജാനകി എന്ന കഥാപാത്രത്തെ കോടതിയിൽ ക്രോസ് വിസ്താരം ചെയ്യുമ്പോൾ, 'അശ്ലീല സിനിമകൾ കാണാറുണ്ടോ?' എന്ന് ചോദിക്കുന്നതും 'ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ടോ?', "കാമുകനുണ്ടോ?' എന്നും മറ്റും ചിത്രത്തിലെ എതിർഭാഗം അഭിഭാഷകൻ ചോദിക്കുന്നുണ്ട്. ബലാത്സംഗത്തിനിരയായ ജാനകിയെ ഒരു മതവിഭാഗത്തിൽപ്പെട്ടയാൾ സഹായിക്കുന്നു. മറ്റൊരു മതവിഭാഗത്തിൽപ്പെട്ടയാൾ അപമാനകരമായ ചോദ്യങ്ങൾ ചോദിച്ച് ക്രോസ് വിസ്താരം ചെയ്യുന്നു. ഇത് മതപരമായ ഭിന്നതകൾക്ക് കാരണമാകും." - സെൻസർ ബോർഡ് എതിര്‍സത്യവാങുമൂലത്തില്‍ പറഞ്ഞു.
അതേസമയം, ജാനകി VS സ്റ്റേറ്റ് ഓഫ് കേരളാ സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. ജാനകി വി അല്ലെങ്കിൽ വി ജാനകി എന്ന് പേര് മാറ്റണം, ഒരു സീനിൽ ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യണം തുടങ്ങിയവയാണ് നിർദേശങ്ങൾ. 96 സീനുകൾ കട്ട് ചെയ്യേണ്ടിവരില്ലെന്നും ബോർഡ് വിശദീകരിച്ചു. കേസ് ഉച്ചയ്ക്ക് 1.40ന് കോടതി വീണ്ടും പരിഗണിക്കും.