ചികിത്സാ അനാസ്ഥ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച വേണുവിൻ്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി | Complaint

ഡോക്ടർമാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് വേണുവിന്റെ ഭാര്യ പരാതി നൽകിയിരിക്കുന്നത്.
ചികിത്സാ അനാസ്ഥ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച വേണുവിൻ്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി | Complaint
Published on

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ (68) കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. വേണുവിന് അടിയന്തര ചികിത്സ വൈകിപ്പിച്ചതിലും ചികിത്സ നിഷേധിച്ചതിലും ആശുപത്രിക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.(The family of Venu, who died at Thiruvananthapuram Medical College, filed a complaint with the Chief Minister and the Health Minister)

ചികിത്സാ നിഷേധത്തിന് കാരണക്കാരായ ഡോക്ടർമാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് വേണുവിന്റെ ഭാര്യ പരാതി നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭർത്താവിന് മതിയായ ചികിത്സ നൽകിയില്ല. ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ചികിത്സ നിഷേധിക്കുന്ന സമീപനമുണ്ടായി, തങ്ങളുടെ ആവശ്യം അവഗണിച്ചു.

ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം. വേണുവിന്റെ മരണകാരണം കണ്ടെത്തി കുടുംബത്തെ സഹായിക്കണം. വിവരം വാർത്തയിലൂടെയാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രൻ പ്രതികരിച്ചു.

"ഒന്നാം തീയതിയാണ് ഇദ്ദേഹം ചികിത്സ തേടിയെത്തിയത്. നേരത്തെ സ്ട്രോക്ക് വന്ന് ചികിത്സയിലിരുന്ന ആളാണ്. ആൻജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. രണ്ടാം വാർഡിൽ കാർഡിയോളജി വിഭാഗം തന്നെയാണ് അഡ്മിറ്റ് ചെയ്തത്. ഇന്നലെ ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായി. കൃത്യമായി ചികിത്സ കൊടുത്തിട്ടും ഇത്തരം കാര്യങ്ങൾ കേൾക്കേണ്ടി വരുന്നത് ദുഃഖകരമാണ്," അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച നെഞ്ചുവേദനയെ തുടർന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ വേണുവിനെ, ആൻജിയോഗ്രാം നിർദേശിച്ചതിനാൽ ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും റഫർ ചെയ്യുകയായിരുന്നു.

ആറ് ദിവസം കഴിഞ്ഞിട്ടും ആൻജിയോഗ്രാം ചെയ്യാൻ മെഡിക്കൽ കോളേജിൽനിന്ന് ഡേറ്റ് നൽകിയില്ലെന്ന് വേണു മരണത്തിന് തൊട്ടുമുമ്പ് അയച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച മാത്രമാണ് ആൻജിയോഗ്രാം ചെയ്യാൻ കഴിയുക എന്ന നിർദ്ദേശമാണ് ആശുപത്രി അധികൃതർ നൽകിയിരുന്നത്. ചികിത്സ വൈകിയതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് വേണു ഹൃദയാഘാതം മൂലം മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com