തൃശൂർ : കെ.എസ്.ഇ.ബി.യുടെ 33 കെ.വി. ലൈനിൽ നിന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ വീടിനുള്ളിലെ ഉപകരണങ്ങൾ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്നവരെ ഞെട്ടിച്ച സംഭവത്തിൽ വലിയൊരു അപകടത്തിൽ നിന്നാണ് കുടുംബം രക്ഷപ്പെട്ടത്. കയ്പമംഗലം ബോർഡ് കിഴക്ക് കണ്ടേങ്ങാട്ടിൽ സാജൻ്റെ വീട്ടിലാണ് ഇന്ന് രാവിലെ 8.30 ഓടെ നാടകീയമായ സംഭവം അരങ്ങേറിയത്.(The electricity was diverted because of a crow, explosion in Kaipamangalam)
സാജൻ്റെ വീടിനോട് ചേർന്നാണ് അപകടകരമായ 33 കെ.വി. ടവർ ലൈൻ കടന്നുപോകുന്നത്. ഈ ലൈനിൽ ഒരു കാക്കയിടിച്ച് ഷോക്കേറ്റപ്പോൾ, അപ്രതീക്ഷിതമായി വൈദ്യുതി പ്രവാഹത്തിൻ്റെ ദിശ മാറി വീടിനകത്തേക്ക് കുതിച്ചെത്തി.
ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ആദ്യം സംഭവിച്ചതെന്ന് വീട്ടുകാർ പറയുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ വൈദ്യുതി മീറ്റർ, മെയിൻ സ്വിച്ച്, സ്വിച്ച് ബോർഡുകൾ, ഫാൻ, വയറിംഗ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൂർണ്ണമായും കത്തിനശിച്ചു.
സംഭവം നടക്കുമ്പോൾ വീടിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. വൈദ്യുതി ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചത് സാജന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വൈദ്യുത ടവറുകൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ സുരക്ഷാ ഭീഷണിയാണ് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നത്.