നാട്ടുപച്ചപ്പിന്റെ നന്മകളുമായി ഭാരത് ഭവനിൽ മണ്ണരങ്ങുണർന്നു

നാട്ടുപച്ചപ്പിന്റെ നന്മകളുമായി ഭാരത് ഭവനിൽ മണ്ണരങ്ങുണർന്നു
Published on

കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ കലയെയും കാർഷികതയേയും കൂട്ടിയിണക്കി ഒരുക്കുന്ന മണ്ണരങ് ഗ്രാമചന്തയുടെ പ്രഥമ സംരഭത്തിന് തുടക്കമായി. ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്ന ചടങ്ങ് കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് ഉദ്‌ഘാടനം ചെയ്തു. സംസ്‌കൃതിയെ നെഞ്ചകം ചേർക്കുന്ന സർഗ്ഗാത്മക പ്രവർത്തനങ്ങ ൾക്കൊപ്പം, നവീനവും ജനകീയവുമായ സാംസ്‌കാരിക ദൗത്യങ്ങളാണ് ഭാരത് ഭവൻ കേരളത്തിലും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. അഡ്വ. ആന്റണി രാജു എം.എൽ.എ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ.പ്രമോദ് പയ്യന്നൂർ പദ്ധതി വിശദീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിവാര ഗ്രാമച്ചന്തയുടെ വേദിയിൽ പ്രദർശിപ്പിക്കുന്ന ഗോത്രകലകളുടെ മെഗാ സ്ട്രീമിങ്ങിന്റെ സ്വിച്ച് ഓൺ കർമ്മം ഡോ.ബി. സന്ധ്യ ഐ പി എസ്സും, പ്രതിവാര ഗ്രാമീണഗാന സായാഹ്നത്തിന്റെ ഉദ്ഘാടനം പത്മശ്രീ. ഡോ.കെ ഓമനക്കുട്ടി ടീച്ചറും, ജൈവ കാർഷിക പ്രായോഗിക പരിശീലന കളരി ലോഗോ പ്രകാശനം ശ്രീ. ആർ.രവീന്ദ്രനും, ശ്രീമതി.വിജയം ഭാസ്ക്കറും നിർവഹിച്ചു. വാർഡ് കൗൺസിലർ മാധവദാസ്, ഭാരത് ഭവൻ ഭരണ സമിതി അംഗങ്ങളായ ജോസഫ് കെ. നെല്ലുവേലി, ഹേനമന്ന, ഡോ.റജിയ സി എസ്, മണ്ണരങ്ങ് ഗ്രാമച്ചന്ത കോ ഓർഡിനേറ്റർ സിന്ധു രഘു നാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജൈവ കാർഷിക മേഖലയിൽ വേറിട്ട സഞ്ചാരംനടത്തി ശ്രദ്ധേയരായ ശ്രീ. ആർ.രവീന്ദ്രൻ, ശ്രീമതി.വിജയം ഭാസ്ക്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വി.കെ.എസ് ഗായക സംഘവും വിമൻസ് കോളേജിലെ ഗായക സംഘവും ഒത്തുചേർന്നവതരിപ്പിച്ച മൺപ്പാട്ടുകളുടെ ആലാപനവും നടന്നു

തിരുവനന്തപുരം ജില്ലയിലെ വിവിധ കാർഷിക മേഖലകളിൽ നിന്നും എത്തിക്കുന്ന ജൈവ പച്ചക്കറി വിഭവങ്ങളും, വീടുകളിൽ നിന്നും എത്തിക്കുന്ന ഉത്പന്നങ്ങളും ഒപ്പം മില്ലെറ്റ്സിന്റെ വൈവിധ്യമാർന്ന അമ്മയൂട്ട് ഭക്ഷ്യ വിഭവങ്ങൾ, പലതരം പൂക്കളാൽ തയ്യാറാക്കിയ ചായ, വിവിധയിനം നാടൻ തേനുകൾ, പായസങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങി പ്രകൃതിയുമായി ഇണങ്ങിയ വിഭവങ്ങൾ ഗ്രാമച്ചന്തയിൽ മിതമായ വിലയിൽ ലഭ്യമാകും. ജൈവ കാർഷികതയുടെ പ്രാധാന്യത്തെ അടിസ്ഥാനമാക്കി മട്ടുപ്പാവ് കൃഷി, മീൻ വളർത്തൽ, അടുക്കളത്തോട്ടം തുടങ്ങിയ വിഷയങ്ങളിൽ അതാത് മേഖലയിലെ പ്രമുഖരായ വ്യക്തിത്വങ്ങളുടെ പ്രായോഗിക പരിശീലന ക്‌ളാസ്സുകളും സർക്കാർ കൃഷി വകുപ്പ് മുഖാന്തിരം നൽകുന്ന പുതിയ ആനുകൂല്യങ്ങളും മറ്റ് സേവനങ്ങളും വെള്ളിയാഴ്ചകളിലെ ഗ്രാമച്ചന്തയിൽ ബോധവൽക്കരണ ക്‌ളാസ്സുകളിലൂടെ അവതരിക്കപ്പെടും. കൂടാതെ മൺ പാട്ടുകൾ , വിത്തുപാട്ടുകൾ വിതപ്പാട്ടുകൾ, കൊയ്ത്തുപാട്ട് ഗ്രാമീണഗാനങ്ങൾ, കാർഷിക സംസ്കൃതിയുടെ രംഗ കലകൾ എന്നീ സർഗ്ഗാവതരണങ്ങൾ വിവിധ ഗായക സംഘങ്ങൾ ഗ്രാമ ചന്തയുടെ മണ്ണരങ് വേദിയിൽ അവതരിപ്പിക്കും. ഭാരത് ഭവന്റെ മണ്ണരങ് ഗ്രാമചന്തയുടെ പ്രഥമ സംരഭം ഓഗസ്റ്റ് 15 വെള്ളിയാഴ്ച വരെ രാവിലെ മുതൽ വൈകുന്നേരം വരെ ഉണ്ടാകും.തുടർന്ന് എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ ഭാരത് ഭവൻ മണ്ണരങ്ങിൽ പൊതു സമൂഹത്തിനായി ഗ്രാമച്ചന്തയും ഗാനസായാഹ്നങ്ങളും കാലഹരണപ്പെട്ടുപോകുന്ന നാട്ടുകലകളുടെ അവതരണങ്ങളും ഉണ്ടാകും.ഓരോ ആഴ്ചയും ഗ്രാമീണ കാർഷിക മേഖലയിലെയും കലാ സംഘങ്ങളിലെയും നിസ്വാർത്ഥ പ്രവർത്തകർക്കുള്ള ആദരം നൽകും. നറുക്കെടുപ്പിലൂടെ ഗ്രാമീണ കർഷകർക്ക് ഓണപ്പുടവകൾ നൽകും. ജീവിതശൈലീ രോഗങ്ങളിലകപ്പെടുന്ന മലയാളികൾക്ക് മനസ്സിനും ശരീരത്തിനും ഉണർവ്വേകുന്നതിനായി ഭാരത് ഭവൻ ആവിഷ്‌കരിച്ച മണ്ണരങ് ഗ്രാമച്ചന്ത യും - സംഗീത സാന്ത്വനം പദ്ധതി യിൽ ഗ്രാമീണതയ്‌ക്കൊപ്പം കരകൗശലമേളയും കൈത്തറി ഉത്പന്നങ്ങളും, തൊഴിൽപ്പാട്ടുകളും തെരുവ് ഗായകസംഘങ്ങളും തുടർ ദിനങ്ങളിൽ മണ്ണരങ്ങിലെ വെള്ളിയാഴ്ചകളെ സജീവമാക്കും.

Related Stories

No stories found.
Times Kerala
timeskerala.com