തിരുവനന്തപുരം: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്ന അഷ്ടമിരോഹിണി വളളസദ്യയില്‍ ആചാരലംഘനമുണ്ടായി എന്ന ആരോപണം അടിസ്ഥാനരഹിതവും വാസ്തവിരുദ്ധവുമാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ആചാരത്തിന്റെ ഭാഗമായി ഭക്ഷണം കഴിക്കണമെന്ന് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് വി എന്‍ വാസവന്‍ പറഞ്ഞു.
അഷ്ടമിരോഹിണി വളളസദ്യ ചടങ്ങ് പൂര്‍ത്തീകരിക്കണമെങ്കില്‍ അവരുടെ കൂടെ ഊട്ടുപുരയില്‍ കയറി ഭക്ഷണവും കൂടി കഴിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ സമയമായില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ആചാരത്തിന്റെ ഭാഗമായി ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു. പളളിയോടം കമ്മിറ്റിയുടെ പ്രസിഡന്റും ഭാരവാഹികളും ചേര്‍ന്നാണ് തന്നെ ഊട്ടുപുരയിലേക്ക് കൂട്ടികൊണ്ടുപോയത്. മുന്‍ എംഎല്‍എമാരുള്‍പ്പെടെയുളള ജനപ്രതിനിധികള്‍ എനിക്കൊപ്പമുണ്ടായിരുന്നു.
ഞങ്ങളെ അവിടെ പിടിച്ചിരുത്തി അപ്പോഴേക്ക് മന്ത്രി പി പ്രസാദും അവിടെയെത്തി. പളളിയോടം കമ്മിറ്റിയുടെ പ്രസിഡന്റാണ് ആദ്യം ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പി തന്നത്. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന് പറഞ്ഞു. പ്രസാദും ഭക്ഷണം വിളമ്പി. അപ്പോൾ ആരും പരാതിയോ പരിഭവമോ ഒന്നും ഭക്ഷണം വിളമ്പിയതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഒക്കെ കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ട് വിവാദം.
വിഷയയുമായി ബന്ധപ്പെട്ട് ഒരു കത്ത് വന്നു എന്ന് പറഞ്ഞാല്‍ അതിന്റെ പിന്നില്‍ എന്താണ്? ആസൂത്രിതമായ രീതിയില്‍ ഒരു കത്ത് കൊടുത്ത് മര്യാദരഹിതമായ വാര്‍ത്തയുണ്ടാക്കി എന്നതാണ് വസ്തുത. അവിടെ ഒരു ആചാരലംഘനവുമുണ്ടായിട്ടില്ല. പളളിയോടം കമ്മിറ്റി പ്രസിഡന്റും ഭാരവാഹികളുമാണ് കൊണ്ടുപോയി ഭക്ഷണം തന്നത്. അതില്‍ എവിടെയാണ് ആചാരലംഘനമെന്ന് വി എന്‍ വാസവന്‍ ചോദിച്ചു.