
കോഴിക്കോട്: മാനസികാരോഗ്യത്തെ കുറിച്ച് വിവാദ പരാമർശം നടത്തിയ നടി കൃഷ്ണപ്രഭയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. നടി വിഷാദരോഗത്തെ നിസ്സാരവല്‍ക്കരിച്ചുവെന്ന് ആരോപിച്ചാണ് നടിക്കെതിരെ പരാതി നൽകിയത്. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് ആണ് പരാതി നൽകിയത്. 'പഴയ വട്ട് ആണ് ഇപ്പോഴത്തെ ഡിപ്രഷൻ' എന്ന് പേരിട്ടിരിക്കുന്നതെന്നും പണിയൊന്നുമില്ലാതെ ഇരിക്കുന്നത് കൊണ്ടാണ് ഡിപ്രഷൻ ഉണ്ടാവുന്നതെന്നുമാണ് കൃഷ്ണപ്രഭ പറഞ്ഞത്. യൂട്യൂബ് ചാനലിന് നടി നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ കൂടുതൽ ഒറ്റപ്പെടുത്താനും ചികിത്സ തേടുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനും സാധ്യതയുള്ള അശാസ്ത്രീയമായ പ്രസ്താവനയാണ് ഇതെന്നും പൊതുസമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയിൽ നിന്ന് ഇത്തരം പരാമർശം വന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും പരാതിയില്‍ പറയുന്നു. വിവാദപരമായ പരമർശങ്ങൾ ഉൾപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് ഉടൻ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പരാതിയിൽ പറയുന്നു. നടി പൊതുജനങ്ങളോട് നിരുപാധികം ക്ഷമ ചോദിക്കുകയും മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നല്‍കുകയും ചെയ്യാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. സർക്കാർ മാനസികാരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുമ്പോൾ, നടിയുടെ പ്രസ്താവന അതിനെ തർക്കുന്നുവെന്നും വിഷാദം കളിയാക്കേണ്ട ഒന്നല്ല, കൃത്യമായ ചികിത്സ ആവശ്യമുള്ള ഒരു രോഗാവസ്ഥയാണെന്നും പരാതിക്കാരൻ പറയുന്നു.
‘പണിയൊന്നുമില്ലാത്തവർക്ക് വരുന്ന അസുഖമാണ് ഡിപ്രഷനും മറ്റ് മാനസിക രോഗങ്ങളും എന്നാണ് നടി തമാശ രൂപേണ പറഞ്ഞത്. പണ്ടൊക്കെ ഇതിനെ വട്ട് എന്നാണു പറഞ്ഞിരുന്നതെന്നും ഇപ്പോൾ ഡിപ്രഷൻ, മൂഡ് സ്വിങ്സ് എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്നു എന്നും കൃഷ്ണപ്രഭ പറയുന്നുണ്ട്. ചിരിച്ചു കളിയാക്കികൊണ്ടാണ് കൃഷ്ണപ്രഭയും ഇന്റർവ്യൂ ചെയ്ത വ്യക്തിയും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്.