
കൊച്ചി: കേരളം നേരിടുന്ന സാമൂഹ്യപ്രശ്നങ്ങള്‍ക്കൊന്നിന് പരിഹാരമാകുന്ന മുദ്രാവാക്യമാണ് ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് കേരള ഹോക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ജനസംഖ്യയുടെ ഭൂരിഭാഗവും പ്രായമുള്ളവരാകുന്ന കേരളത്തിന്റെ സമകാലിക യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ കാരുണ്യമുള്ള യുവസമൂഹമാണ് മറുപടിയെന്ന് അദ്ദേഹം പറഞ്ഞു. ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തുന്ന കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെയും പരിസരപ്രദേശത്തെയും സ്‌കൂളുകളില്‍നിന്നും കോളജുകളില്‍നിന്നുമായി ആയിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ബാനറുകളും പോസ്റ്ററുകളുമായി വാക്കത്തോണില്‍ അണിനിരന്നു. നഗരം ചുറ്റി രാജേന്ദ്ര മൈതാനിയില്‍ അവസാനിച്ചതിനുശേഷം നടന്ന സമാപനസമ്മേളനം കൊച്ചി എം.പി. ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി. ആല്‍ഫ കൊച്ചി സെന്റര്‍ സെക്രട്ടറി പ്രൊഫ. രവി ദിവാകരന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍, കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍, ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗം ഡോ. ടി.പി. ജമീല, ആല്‍ഫ കൊച്ചി സെന്റര്‍ പ്രസിഡന്റ് സുബൈദ റഹീം, പറവൂര്‍ സെന്റര്‍ സെക്രട്ടറി ഒ.എം. ജോബി, സെന്‍ട്രല്‍ കൗണ്‍സില്‍ മെംബര്‍ അബ്ദുള്‍ ഖാദര്‍, ആല്‍ഫ മുവാറ്റുപുഴ സെന്റര്‍ പ്രസിഡന്റ് അഷ്റഫ് മാണിക്യം, കമ്യൂണിറ്റി വെല്‍ഫെയര്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എല്‍ദോസ് തങ്കച്ചന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ആല്‍ഫ കൊച്ചി സെന്റര്‍ ട്രഷറര്‍ തോമസ് വര്‍ഗീസ് നന്ദി പറഞ്ഞു. അടുത്ത വാക്കത്തോണ്‍ ഇന്ന് (ഒക്ടോബര്‍ 10) ആലപ്പുഴയില്‍ നടക്കും.