'മുഖ്യമന്ത്രി വിളിച്ചിട്ടില്ല, വിളിച്ചാൽ സംസാരിക്കും, ചർച്ചയ്ക്കുള്ള വാതിൽ എപ്പോഴും തുറന്നിരിക്കും': ബിനോയ് വിശ്വം | CM

എൽ ഡി എഫ് അങ്ങനെ തന്നെ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു
The CM has not called, says Binoy Vishwam
Published on

ആലപ്പുഴ : തന്നെ പി എം ശ്രീ വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിട്ടില്ല എന്ന് പറഞ്ഞ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. മുഖ്യമന്ത്രി വിളിച്ചിട്ടില്ല എന്നും, വിളിച്ചാൽ സംസാരിക്കും എന്നും പറഞ്ഞ അദ്ദേഹം, ചർച്ചയ്ക്കുള്ള വാതിൽ എപ്പോഴും തുറന്നിരിക്കും എന്നും കൂട്ടിച്ചേർത്തു. (The CM has not called, says Binoy Vishwam)

എൽ ഡി എഫ് അങ്ങനെ തന്നെ നിലനിൽക്കുമെന്നും, ഇന്ന് ചേരുന്ന സി പി ഐ എക്‌സിക്യൂട്ടീവിൽ വിശദമായ ചർച്ച നടക്കുമെന്നും, സമവായ നീക്കമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ശരിയായ തീരുമാനം യോ​ഗത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, 'പി.എം. ശ്രീ' പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.യും സി.പി.എമ്മും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ, സമവായ നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. കരാറിൽ ഒപ്പിട്ടതിനാൽ അതിൽ നിന്ന് പിന്മാറുന്നത് പ്രയാസമാണെന്നും, പദ്ധതിയുടെ ഫണ്ട് സംസ്ഥാനത്തിന് പ്രധാനമാണെന്നും മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചുവെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ, കരാറിൽ ഒപ്പിട്ട നടപടി ശരിയായില്ലെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിക്കുകയും സി.പി.ഐയുടെ എതിർപ്പ് ആവർത്തിക്കുകയും ചെയ്തുവന്നും ഇതിൽ പറയുന്നു.

വിഷയത്തിൽ അന്തിമ നിലപാട് തീരുമാനിക്കാൻ സി.പി.ഐ.യുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ ചേരും. കരാറിൽ നിന്ന് പിന്മാറണമെന്ന സി.പി.ഐ.യുടെ ആവശ്യം ഇതുവരെ വിദ്യാഭ്യാസ വകുപ്പോ സി.പി.എമ്മോ അനുകൂലമായി പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സി.പി.ഐ. കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത.

മുന്നണി മര്യാദ ലംഘിച്ച്, ചർച്ചകളില്ലാതെ മന്ത്രിസഭയെ നോക്കുകുത്തിയാക്കിയാണ് കരാർ ഒപ്പിട്ടതെന്നാണ് സി.പി.ഐ.യുടെ വിലയിരുത്തൽ. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നുവന്ന മന്ത്രിമാരെ കാബിനറ്റ് യോഗത്തിൽ നിന്ന് പിൻവലിക്കണമെന്നും, ആവശ്യമെങ്കിൽ രാജി വെയ്പ്പിക്കണമെന്നുമുള്ള കടുത്ത നിർദ്ദേശങ്ങളിൽ ഇന്ന് അന്തിമ തീരുമാനമെടുക്കും. കടുത്ത നടപടികൾക്ക് സി.പി.ഐ. കേന്ദ്ര നേതൃത്വത്തിൻ്റെ പിന്തുണയുമുണ്ട്.

നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും സി.പി.ഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ ചർച്ച ചെയ്യുന്നതിനുമായി സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ ഇടപെടലിന് ശേഷം നടക്കുന്ന സി.പി.എം. സെക്രട്ടേറിയറ്റ് യോഗം നിർണായകമാകും.

Related Stories

No stories found.
Times Kerala
timeskerala.com