തിരുവനന്തപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേരളം നാളെ നവംബർ 1, കേരളപ്പിറവി ദിനത്തിൽ നടത്താനൊരുങ്ങുമ്പോൾ, പദ്ധതിയുടെ മാനദണ്ഡങ്ങളെക്കുറിച്ചും യാഥാർഥ്യങ്ങളെക്കുറിച്ചും വലിയ ചർച്ചകൾ സജീവമാകുന്നു. വിമർശനങ്ങൾ ഉന്നയിച്ചവർക്ക് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി.(The claim is that extreme poverty has been eradicated, not that poverty has been eradicated, says Minister MB Rajesh)
അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന ചിലരുടെ വാദത്തെ മന്ത്രി എം.ബി. രാജേഷ് ശക്തമായി എതിർത്തു. "ഇന്ത്യ മുഴുവൻ അതിദരിദ്രർ ഇല്ലാതാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാം," എന്ന് അദ്ദേഹം പറഞ്ഞു.
ഇത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ല, ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണ്. വിശദമായ മാർഗ്ഗരേഖ പുറത്തിറക്കിയതാണ്, അത് വായിച്ചിരുന്നെങ്കിൽ ചോദ്യങ്ങൾ ഉന്നയിക്കില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരാണ് അതിദരിദ്രർ എന്ന് നിർണ്ണയിച്ചത് എങ്ങനെ എന്ന് വിശദമാക്കിയതാണ്. ഇതുവരെ ഒരു സർക്കാർ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടത്. അതിദാരിദ്ര്യം നിർമ്മാർജനം ചെയ്തു എന്നാണ് അവകാശവാദം, അല്ലാതെ ദാരിദ്ര്യം നിർമ്മാർജനം ചെയ്തു എന്നല്ല എന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ വിദഗ്ധർ ഇതുവരെ എന്തുകൊണ്ട് ചോദ്യങ്ങൾ ഉന്നയിച്ചില്ല എന്നും ചൂണ്ടിക്കാണിച്ചെങ്കിൽ അത് പരിഹരിക്കാമായിരുന്നുവെന്നും മന്ത്രി ചോദിച്ചു. സർക്കാർ നിഗൂഢമായി ചെയ്ത പദ്ധതിയല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ പ്രഖ്യാപനത്തിനിടയിലും അതീവ ദുരിതാവസ്ഥയിൽ കഴിയുന്ന നിരവധി കുടുംബങ്ങൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. അതിദരിദ്രർക്കായി തയ്യാറാക്കിയ മാനദണ്ഡങ്ങളിൽ ഉൾപ്പെടാൻ അർഹതയുള്ള പലരും പട്ടികയിൽ നിന്ന് പുറത്താണ്. ആദിവാസി കോളനികളിലടക്കം നിരവധി പേർ ദുരിതജീവിതം നയിക്കുമ്പോൾ തിരക്ക് പിടിച്ച് നടത്തുന്ന പ്രഖ്യാപനം കേവലമായ അവകാശവാദം മാത്രമാകുമെന്ന വിമർശനം താഴെത്തട്ടിൽ ഉയരുന്നുണ്ട്.