

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ഖത്തറിലെ പ്രവാസി മലയാളികളെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഖത്തറിലെ ദോഹയിൽ ലോകകേരള സഭയും മലയാളം മിഷനും ചേർന്നു സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.(The Chief Minister spoke about Kerala's development achievements in Qatar and specifically mentioned the increase in welfare pension)
കേരളത്തെ വികസിത രാജ്യങ്ങളിലെ മധ്യവർഗ വരുമാനമുള്ള രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുന്നോട്ടുള്ള യാത്രയിൽ അസാധ്യമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷൻ വർധിപ്പിച്ച കാര്യം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയെ സമൂഹം വലിയ ആഹ്ളാദത്തോടെയാണ് ഏറ്റെടുത്തതെന്നും, സ്ത്രീകൾ ആഹ്ളാദ പ്രകടനങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത് നാടിന്റെ നന്മയ്ക്കാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അഞ്ച് ലക്ഷം യുവതീ യുവാക്കൾക്ക് സഹായം നൽകാൻ പോകുന്നുവെന്നും, ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ചുവെന്നും, സംസ്ഥാനത്തിന്റെ പൊതുകടം കുറയ്ക്കുന്നതിൽ വിജയം കണ്ടുവെന്നും അദ്ദേഹം കുണ്ടിക്കാട്ടി.
ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിന്റെ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയായ ഡോ. മറിയം ബിൻത് നാസർ അൽ മിസ്നദിന് 'ഷീൽഡ് ഓഫ് ഹ്യുമാനിറ്റി' (മാനുഷികതാ പുരസ്കാരം) സമ്മാനിച്ചു. മാനുഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആദരവായാണ് ഈ ബഹുമതി.
ഇന്ത്യയ്ക്കും ഖത്തറിലെ കേരളീയ സമൂഹത്തിനും നൽകുന്ന പിന്തുണയ്ക്കും മാനുഷിക പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രി ഖത്തറിന് നന്ദി അറിയിച്ചു. ദുർബലരായവരെ സംരക്ഷിക്കാൻ ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള നന്ദി സൂചകമായാണ് ഈ ബഹുമതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവർ പങ്കെടുത്തു.
ഖത്തറിലെത്തിയ മുഖ്യമന്ത്രി നിർണായകമായ നിരവധി കൂടിക്കാഴ്ചകൾ പൂർത്തിയാക്കി. അദ്ദേഹം ഖത്തർ ചേംബർ ആസ്ഥാനം സന്ദർശിക്കുകയും ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇന്ത്യൻ അംബാസഡർ, ഖത്തറിലെ വ്യവസായ പ്രമുഖർ, പ്രമുഖ വ്യവസായിയായ എം.എ യൂസഫലി ഉൾപ്പടെയുള്ളവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.