'കലയുടെ ധർമ്മം ആനന്ദം മാത്രമല്ല, ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഞെട്ടിച്ചുണർത്തലാണ്': കൗമാര കലാമേളയ്ക്ക് തൃശ്ശൂരിൽ തിരി തെളിഞ്ഞു, 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു | Kerala School Kalolsavam

കലാമാമാങ്കം അഞ്ച് ദിവസം നീണ്ടുനിൽക്കും
'കലയുടെ ധർമ്മം ആനന്ദം മാത്രമല്ല, ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഞെട്ടിച്ചുണർത്തലാണ്': കൗമാര കലാമേളയ്ക്ക് തൃശ്ശൂരിൽ തിരി തെളിഞ്ഞു, 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു | Kerala School Kalolsavam
Updated on

തൃശ്ശൂർ: കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണിൽ ആവേശകരമായ തുടക്കം. തൃശ്ശൂരിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനയ്യായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.(The Chief Minister inaugurated the 64th Kerala School Kalolsavam in Thrissur)

പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനത്തിന് കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ നൃത്തരൂപം നൽകി. പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർത്ഥികളാണ് കലോത്സവത്തിന്റെ തീം സോങ് തയ്യാറാക്കിയത്.

പൂക്കളുടെ പേര് നൽകിയ 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. പ്രധാന വേദിയായ തേക്കിൻകാട് മൈതാനം ഉൾപ്പെടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ കലാവസന്തത്തിന് സാക്ഷ്യം വഹിക്കും. ജനുവരി 18 വരെ നീണ്ടുനിൽക്കുന്ന മേളയിൽ 15,000-ത്തോളം വിദ്യാർത്ഥി പ്രതിഭകൾ തങ്ങളുടെ കലാമികവ് പ്രകടിപ്പിക്കും.

സാംസ്കാരിക തലസ്ഥാനത്തെ വേദികളിൽ ഇനിയുള്ള അഞ്ച് ദിനങ്ങൾ കലയുടെയും മത്സരത്തിന്റെയും ആവേശം അലതല്ലും. സ്കൂൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സുരക്ഷാ-ഭക്ഷണ ക്രമീകരണങ്ങളാണ് തൃശ്ശൂരിൽ ഒരുക്കിയിരിക്കുന്നത്.

കേവലം ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമ്മമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് മനുഷ്യനെ ഞെട്ടിച്ചുണർത്താൻ കലയ്ക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുഹാചിത്രങ്ങളിലൂടെയും നാടൻ പാട്ടുകളിലൂടെയും കല ആരംഭിച്ചത് മത്സരത്തിനല്ല, മറിച്ച് സ്വയം ആവിഷ്കരിക്കാനായിരുന്നു. പഴയകാലത്ത് പല കലകളും മതത്തിന്റെയും ജാതിയുടെയും മതിൽക്കെട്ടിനുള്ളിലായിരുന്നു. ഫ്യൂഡലിസം അവസാനിക്കുകയും ജനാധിപത്യം വരികയും ചെയ്തതോടെയാണ് കല എല്ലാവരുടേതുമായി മാറിയത്.

ഏറ്റവും മികച്ച കലാകാരന്മാർക്ക് പോലും പലപ്പോഴും ജാതിയും മതവും തടസ്സമായിട്ടുണ്ട്. കലാമണ്ഡലം ഹൈദരലിയെപ്പോലുള്ളവർ അനുഭവിച്ച വിവേചനം അദ്ദേഹം ഓർമ്മിപ്പിച്ചു. ക്ഷേത്രമതിൽ പൊളിച്ച് അദ്ദേഹത്തിന് പാടാൻ അവസരമൊരുക്കിയ ചരിത്രം കലയുടെ അതിരുകൾ തകർക്കുന്ന കരുത്തിന് ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വർഗ്ഗീയ ശക്കളെയും ഛിദ്രശക്തികളെയും ചെറുക്കാൻ കലയെ വലിയ ആയുധമായി ഉപയോഗിക്കണം. ജാതിയോ മതമോ നോക്കാതെ എല്ലാ കലകളും പുതിയ തലമുറ അഭ്യസിക്കുന്നത് കേരളത്തിന്റെ മഹത്തായ സംസ്കാരത്തിന്റെ ഭാഗമാണ്.

1956-ൽ കേവലം 200 മത്സരാർത്ഥികളുമായി തുടങ്ങിയ മേള ഇന്ന് 14,000-ത്തിലധികം പേർ മാറ്റുരയ്ക്കുന്ന ഏഷ്യയിലെ തന്നെ വലിയ കൗമാരമേളയായി വളർന്നു. പരാതികൾക്ക് ഇടമില്ലാതെ ഈ വർഷവും മേള വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണം. മത്സരിക്കുന്നത് രക്ഷിതാക്കളല്ല, കുട്ടികളാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. കുട്ടികളുടെ ശുദ്ധമായ മനസ്സുകളിൽ കാലുഷ്യത്തിന്റെ കണിക പോലും വരാതെ നോക്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com