
തിരുവനന്തപുരം: ഗവർണർ ഒരുക്കിയ ക്രിസ്തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടറിയെയാണ് ചടങ്ങിലേക്ക് അയച്ചത്. രാജ്ഭവനിലാണ് ഗവർണർ ഒരുക്കിയ ക്രിസ്തുമസ് വിരുന്ന് നടക്കുന്നത്. നേരത്തേ ഗവർണർ സംഘടിപ്പിക്കുന്ന വിരുന്നിനായി സർക്കാർ പണം അനുവദിച്ചിരുന്നു.
അതിനിടെ കേരള സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തിയിരുന്നു. സെനറ്റ് ഹാളിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഗവർണർ എത്തിയതോടെയാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
സർവകലാശാലകളെ ഗവർണർ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. വിസിമാരെ ഗവർണർ അനധികൃതമായി നിയമിക്കുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു.
പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ പോലീസ് സുരക്ഷ ഭേദിച്ച് സെനറ്റ് ഹാളിനു പുറത്തേയ്ക്ക് ഓടിക്കയറുകയായിരുന്നു. തുടർന്നു ഹാളിന്റെ പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.