തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ട്രെയിനുകളിലെ സുരക്ഷാ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(The Centre is not paying attention to train safety, Minister V Sivankutty on Varkala train attack)
"കേരളത്തിലുള്ള യു.ഡി.എഫ്. എം.പി.മാരും ഈ സുപ്രധാന വിഷയത്തിൽ ഇടപെടാൻ തയ്യാറാകുന്നില്ല," മന്ത്രി പറഞ്ഞു. വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊച്ചുവേളിയിൽ നിന്നാണ് സംഭവത്തിലെ പ്രതിയായ സുരേഷ് കുമാർ എന്നയാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിന് സമീപമാണ് അതിക്രമം നടന്നത്.
വർക്കല വിഷയത്തിൽ പ്രതികരിക്കുന്നതിനിടെ, വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തോടുള്ള നിലപാടും മന്ത്രി വ്യക്തമാക്കി. "വെള്ളാപ്പള്ളി നടേശൻ്റെ മുസ്ലിം വിരുദ്ധ പരാമർശത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ല. മതേതരത്വത്തെ കളങ്കപ്പെടുത്തുന്ന വാക്കുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല," മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.