
തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാജ്യത്തിന്റെ ഐക്യത്തിന് തുരങ്കം വയ്ക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്നത് ഏറ്റവും ഹീനമായ സമീപനമാണെന്നും എം.എ ബേബി പറഞ്ഞു.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ രാജ്‌ഭവനിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി സർക്കാരിന്റെ സംസ്ഥാന സർക്കാർ വിരുദ്ധ സമീപനം അവസാനം പൊട്ടിത്തെറിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മൊത്തം റവന്യു ചെലവിന്റെയും 62 ശതമാനം ചെലവിടുന്നത് സംസ്ഥാന സർക്കാരുകളാണ്. ഇതിന് ആനുപാതികമായി വരുമാനം പങ്കിടാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ബിജെപി സർക്കാരിന്റെ വർഗീയമായ വിഭജനനയം ഇന്ത്യയെന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണ്. രാജ്യത്തിന്റെ റവന്യുവരുമാനത്തിന്റെ 62.3 ശതമാനവും കേന്ദ്രത്തിന്റെ കൈകളിലേക്കാണ് പോകുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കിട്ടുന്നത് 37.7 ശതമാനം മാത്രമാണ്. കേരളത്തിലെ ജനങ്ങൾ ബിജെപിക്കും ആർഎസ്എസിനും എതിരായതിനാൽ സംസ്ഥാന സർക്കാരിനെ വൈരാഗ്യത്തോടെ ഞെരുക്കുകയാണ്. ചൂരൽമലയിലെയും മുണ്ടക്കൈയിലേയും കണ്ണൂനീർ കാണാൻ കഴിയാത്ത മരിവിച്ച മനസ്സാണ് മോദി സർക്കാരിന്റേതെന്നും എം.എ. ബേബി പറഞ്ഞു