ജനപ്രിയ നായകനും താരപദവിയിലെ കറയും: ദിലീപിൻ്റെ കരിയർ ഗ്രാഫ് മാറ്റിമറിച്ച കേസ്, നീതി പുലരുമോ ? | Dileep

സ്ത്രീകളടക്കമുള്ള വലിയൊരു വിഭാഗം പ്രേക്ഷകർ ദിലീപിൽ നിന്ന് അകന്നുവെന്നാണ് വിലയിരുത്തൽ
The case that changed Dileep's career graph, will justice be served?
Updated on

കൊച്ചി: മലയാള സിനിമയിലെ സർവപ്രതാപിയായി വളർന്ന നടൻ ദിലീപിന്റെ കരിയറിനെ പിന്നോട്ടടിച്ച പ്രധാന സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസും തുടർന്നുണ്ടായ വിവാദങ്ങളും. റിമാൻഡ് കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ റിലീസായ 'രാമലീല' ഒഴികെ പിന്നീട് വന്ന ചിത്രങ്ങളെല്ലാം താഴേയ്ക്ക് പോയി. കേസിനെ തുടർന്ന് സ്ത്രീകളടക്കമുള്ള വലിയൊരു വിഭാഗം പ്രേക്ഷകർ ദിലീപ് എന്ന നടനിൽ നിന്ന് അകന്നുപോയി എന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.(The case that changed Dileep's career graph, will justice be served?)

ഏത് സാധാരണക്കാരനും വെള്ളിത്തിരയിൽ എത്താം എന്നതിന്റെ ഉദാഹരണമായിരുന്നു ദിലീപ്. കമലിന്റെ സഹസംവിധായകനായി തുടങ്ങിയ ദിലീപ്, പ്രേക്ഷക മനസ്സിൽ വേഗം ഇടം നേടി. കമലിന്റെ 'എന്നോടിഷ്ടം കൂടാമോ' എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ താരം, 'മാനത്തെ കൊട്ടാരം' എന്ന സിനിമയിലൂടെ മലയാളത്തിൽ നായകനായി. ചിത്രം ഹിറ്റായതോടെ ത്രീ മെൻ ആർമി, കൊക്കരക്കോ, കല്യാണ സൗഗന്ധികം തുടങ്ങിയ ലോ ബജറ്റ് വിജയചിത്രങ്ങളിലൂടെ ദിലീപ് കുതിപ്പ് തുടർന്നു.

ലോഹിതദാസിന്റെ തിരക്കഥയിൽ ഒരുങ്ങിയ 'സല്ലാപം' ആയിരുന്നു ദിലീപിന്റെ കരിയറിലെ ടേണിംഗ് പോയിന്റ്. തുടർന്ന് 'ഈ പുഴയും കടന്ന്', 'മീനത്തിൽ താലികെട്ട്', 'പഞ്ചാബി ഹൗസ്', 'ജോക്കർ', 'ഈ പറക്കും തളിക' തുടങ്ങിയ നിരവധി ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ബോക്സോഫീസിൽ പണം വാരിയ 'മീശമാധവൻ' ദിലീപിന്റെ താരപദവി ഏറെ ഉയർത്തി. 'സിഐഡി മൂസ', 'വെട്ടം', 'പാണ്ടിപ്പട' തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരെ ആവോളം ചിരിപ്പിച്ചു.

'ചാന്തുപൊട്ട്', 'കുഞ്ഞിക്കൂനൻ', 'പച്ചക്കുതിര', 'സൗണ്ട് തോമ', 'ചക്കരമുത്ത്', 'മായാമോഹിനി' എന്നിങ്ങനെ പരീക്ഷണ ചിത്രങ്ങൾക്കും ഡേറ്റ് കൊടുത്തു. 'കഥാവശേഷൻ', 'കൽക്കട്ടാ ന്യൂസ്', 'പെരുമഴക്കാലം' തുടങ്ങിയ ഗൗരവമുള്ള വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. മലയാള സിനിമയിലെ തന്ത്രശാലിയായ അധിപനായി തുടരുമ്പോഴാണ് 2017-ലെ നടി ആക്രമിക്കപ്പെട്ട സംഭവവും, അതിന് പിന്നിൽ ദിലീപിന്റെ പങ്കുണ്ടെന്ന സൂചനകളും പുറത്തു വന്നത്. അതോടെ 'ജനപ്രിയൻ' എന്ന വിളിപ്പേരിൽ കറ പുരണ്ടു. പൊതു വേദികളിൽ നിന്ന് കുറച്ചുകാലം അകന്നു നിന്ന ദിലീപ് പിന്നീട് വീണ്ടും സിനിമയിൽ അഭിനയിച്ചു തുടങ്ങി. എന്നാൽ, സിനിമകൾ ഇറങ്ങിയപ്പോഴും അവ സ്വീകരിക്കാൻ സ്ഥിരം പ്രേക്ഷകർ ഉണ്ടായില്ല. ഏറ്റവുമൊടുവിൽ വന്ന 'പ്രിൻസ് ആൻഡ് ഫാമിലി'ക്ക് പോലും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഓരോ തിരിച്ചടിക്കും ശേഷവും പുതിയ തന്ത്രങ്ങളുമായി കുട്ടികളെയും വീട്ടമ്മമാരെയും കയ്യിലെടുക്കാൻ ശ്രമിച്ചിരുന്ന ദിലീപിന്, ഈ കേസിനു ശേഷം തന്റെ സ്ഥിരം പ്രേക്ഷക പിന്തുണ വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് രാവിലെ 11 മണിക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കും. 6 വർഷത്തിലേറെ നീണ്ട രഹസ്യ വിചാരണയ്ക്ക് ശേഷമാണ് കേസിലെ സുപ്രധാനമായ വിധി പ്രഖ്യാപനം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത് കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ്. സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ദിലീപിനെതിരെ ആരോപിക്കുന്നത്.

വിചാരണയുടെ സുപ്രധാന വിവരങ്ങൾ പുറത്തുവന്നതിൽ ഏറ്റവും ശ്രദ്ധേയമായത് പൾസർ സുനിയുടെ നിലപാടാണ്. തന്നെ അറിയില്ലെന്ന ദിലീപിന്റെ വാദത്തെ പൾസർ സുനി കോടതിയിൽ തള്ളിക്കളഞ്ഞത് വിധി വരുന്ന ഈ സാഹചര്യത്തിൽ ഏറെ നിർണായകമാണ്. ദിലീപുമായി തനിക്ക് പരസ്പരം അറിയാമെന്നും നേരത്തെ ബന്ധമുണ്ടായിരുന്നെന്നും വിചാരണക്കിടെ പൾസർ സുനി കോടതിയെ അറിയിച്ചു.

പൾസർ സുനിയെ പരിചയമില്ലെന്ന ദിലീപിന്റെ നാളിതുവരെയുള്ള നിലപാടിന് ഈ വെളിപ്പെടുത്തൽ കനത്ത പ്രഹരമായിരുന്നു. 2012 മുതൽ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നതായി ആക്രമിക്കപ്പെട്ട നടി തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയും സംഘവും ഇതിനുമുമ്പും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2017 ജനുവരി 03 ന് ഗോവയിൽ വെച്ച് കൃത്യം നടത്താനായിരുന്നു ആദ്യ ആലോചന. എന്നാൽ, നടി ഷൂട്ടിംഗ് നേരത്തെ പൂർത്തിയാക്കി മടങ്ങിയതിനാൽ അന്ന് കൃത്യം നടന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ദിലീപിന്റെ കാര്യത്തിലടക്കം കോടതി എന്ത് നിലപാടെടുക്കുമെന്ന് ആകാംക്ഷയോടെയാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com