
ചാലക്കുടി: ഡ്രൈവർ സീറ്റ് ബെൽറ്റിടാൻ ശ്രമിക്കവേ കാർ നിയന്ത്രണംതെറ്റി വയലിലേക്ക് മറിഞ്ഞ് വയോധികയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. അണ്ണല്ലൂർ വടക്കൂട്ട് വീട്ടിൽ രാമകൃഷ്ണൻ, ഭാര്യ സുഭദ്ര, പേരക്കുട്ടി അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. സുഭദ്രയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ മാള – ചാലക്കുടി റോഡിൽ അണ്ണല്ലൂരിൽ പറയൻ തോട് പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. വാഹനം ഓടിച്ചിരുന്ന രാമകൃഷ്ണൻ സീറ്റ് ബെൽറ്റിടാൻ മറന്നിരുന്നു. പെട്ടെന്നാണ് റോഡിന്റെ വശത്തെ കാമറ ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും തിടുക്കത്തിൽ സീറ്റ് ബെൽറ്റിടാൻ ശ്രമിക്കവേ വാഹനത്തിന്റെ നിയന്ത്രണംതെറ്റി റോഡ് വശത്തെ 20 അടിയോളം താഴ്ചയുള്ള വയലിൽ വീഴുകയുമായിരുന്നു. പ്രദേശവാസികൾ ഓടിയെത്തി മൂവരെയും രക്ഷപ്പെടുത്തി.