ദേശീയ പാതയിൽ CPM നേതാവും കുടുംബവും സഞ്ചരിച്ച കാർ ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു: യാത്രക്കാർ സുരക്ഷിതർ | CPM
ആലപ്പുഴ: സിപിഎം സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. വ്യാഴാഴ്ച രാത്രി 10.35-ഓടെ ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.(The car carrying CPM leader and his family caught fire)
കുത്തിയതോടുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സി.ബി. ചന്ദ്രബാബുവും കുടുംബവും. വാഹനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട പിന്നാലെ വന്ന മറ്റ് യാത്രികർ വിവരം അറിയിക്കുകയും കാർ തടഞ്ഞുനിർത്തുകയുമായിരുന്നു. കുടുംബം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ കാർ പൂർണ്ണമായും അഗ്നിക്കിരയായി.
കാർ കത്തിയ സ്ഥലത്തിന് തൊട്ടടുത്തായി ഒരു ട്രാൻസ്‌ഫോർമർ ഉണ്ടായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വലിയൊരു ദുരന്തം ഒഴിവാക്കി. അരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ പൂർണ്ണമായും അണച്ചത്. അരൂർ പോലീസ് സ്ഥലത്തെത്തി ദേശീയപാതയിലെ ഗതാഗതം നിയന്ത്രിച്ചു.

