
ബിഗ് ബോസ് വീട്ടിൽ തൻ്റെ ജീവിതകഥ പറഞ്ഞ് അക്ബർ ഖാൻ. 'ഒരിടത്തൊരിടത്ത്' എന്ന ടാസ്കിലാണ് അക്ബർ ജീവിതകഥ പറഞ്ഞത്. ബസ് വൈകിയതുകൊണ്ട് വിദ്യാസാഗറിനായി പാടാനുള്ള അവസരം നഷ്ടമായെന്നും ആ നിരാശയിൽ എആർ റഹ്മാനെ കാണാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും അക്ബർ പറഞ്ഞു.
“ഉമ്മയാണ് എന്നെ സംഗീതത്തിൽ പിന്തുണച്ചത്. മൂന്നാം ക്ലാസിൽ വച്ച് സംഗീത ക്ലാസിൽ ചേർത്തു. മൂന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ വളരെ നന്നായി ക്ലാസ് മുന്നോട്ടുപോയി. ആദ്യമായി എനിക്കൊരു ബ്രേക്ക് തന്നത് ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയിരുന്നു. 10-12 വർഷം മുൻപ്. ആ ഷോയിൽ ഫൈനലിലെത്തി. അഞ്ച് ലക്ഷം രൂപ കിട്ടി. അതാണ് എനിക്കൊരു ബ്രേക്ക് തന്ന ഷോ.”- അക്ബർ പറഞ്ഞു.
“എൻ്റെ ആദ്യ സിനിമ, ഗോപി സുന്ദർ ചേട്ടൻ്റെ ‘എന്നുയിരേ’ (മാർഗം കളി) എന്ന പാട്ടാണ്. അങ്ങനെ തമിഴിലും കന്നഡയിലും മലയാളത്തിലും തുടരെ 25 ഓളം സിനിമകളിൽ പാടി. അതിനിടയിൽ എന്നെ വിദ്യാജി (വിദ്യാസാഗർ) പാടാനായി ചെന്നൈയിലേക്ക് വിളിച്ചു. സുജാതേച്ചിയാണ് നമ്പർ കൊടുത്തത്. അന്ന് പോകാൻ കാശില്ല. ഷോയിൽ പാടുന്നതിനാൽ ഗാനമേളയ്ക്കൊന്നും പോകാൻ പറ്റുന്നില്ലല്ലോ. ജാസിമിൻ്റെ കയ്യിൽ നിന്ന് ആയിരം രൂപ കടം വാങ്ങി ഷോ കോസ്റ്റ്യൂമറായ ഫിറോസിക്ക ചെന്നൈയിൽ റൂമൊക്കെ ബുക്ക് ചെയ്ത് തന്നാണ് പോയത്. ബസിൽ പോയപ്പോൾ തന്നെ ആയിരം രൂപ തീർന്നു. ആ ബസ് ഒരുപാട് വഴിതെറ്റി. 11 മണിക്ക് എത്താൻ പറഞ്ഞ ഞാൻ എത്തുന്നത് 11.45നാണ്. വിദ്യാജിക്ക് ഇഷ്ടപ്പെട്ടെങ്കിലും നേരം വൈകിയതിനാൽ ഒപ്പമുണ്ടായിരുന്നവർക്ക് ഇഷ്ടമായില്ല.”- അക്ബർ വിശദീകരിച്ചു.
അവിടെനിന്ന് തിരികെ വരുമ്പോൾ സുജാത വിളിച്ചെന്നും എആർ റഹ്മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും പറഞ്ഞെങ്കിലും നിരാശയിൽ അത് നിരസിച്ചു എന്നും അക്ബർ ഖാൻ പറയുന്നു.