പെരുമ്പാവൂർ : മുൻ മന്ത്രിയും യുഡിഎഫ് കൺവീനറും ആയിരുന്ന പി.പി.തങ്കച്ചന്റെ സംസ്കാരം ഇടവകപ്പള്ളിയായ അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളിയിൽ നടന്നു.പെരുമ്പാവൂർ ആശ്രമം സ്കൂളിനു മുന്നിലെ വസതിയിലെ പൊതുദർശനത്തിനു ശേഷം മൂന്നരയോടെയാണ് മൃതദേഹം പള്ളിയിൽ എത്തിച്ചത്.
ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടാണ് പി.പി.തങ്കച്ചൻ വിടവാങ്ങിയത്. കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ച തലയെടുപ്പുള്ള നേതാവായിരുന്നു പി പി തങ്കച്ചൻ. നിയമസഭാ സ്പീക്കർ, കൃഷി മന്ത്രി, യുഡിഎഫ് കൺവീനർ, കെ പി സി സി പ്രസിഡൻറ് അങ്ങനെ സുപ്രധാനപദവികൾ എല്ലാം പല ഘട്ടങ്ങളിലായി അദ്ദേഹത്തെ തേടിയെത്തി.
വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, രമേശ് ചെന്നിത്തല, എംപിമാരായ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, എ.പി.അനിൽകുമാർ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, നേതാക്കളായ കെ.വി.തോമസ്, എസ്.ശർമ, ജോസഫ് വാഴയ്ക്കൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.