കുഞ്ഞൻ മത്സ്യവേട്ട നടത്തിയ ബോട്ട് പിടിച്ചെടുത്തു

boat
Published on

നിരോധിത വല ഉപയോഗിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ട്രോളർ ബോട്ട് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻ്റ് കോസ്റ്റൽ പൊലീസ് സംയുക്ത സംഘം പിടികൂടി പിഴ ചുമത്തി. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻ്റിങ്ങ് സെന്‍ററുകളിലും തീരക്കടലിലുമായി നടത്തിയ മിന്നൽ പരിശോധനയിലാണ് എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറം സ്വദേശി മരിയാലയം വീട്ടിൽ ശെൽവരാജ് എന്നയാളുടെ കരിഷ്മ 2 എന്ന ബോട്ട് പിടിച്ചെടുത്തത്.

സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത നാലായിരം കിലോ കിളിമീനും ഉലുവാച്ചി മത്സ്യവും കണ്ടെടുത്ത് ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ കൊണ്ടുപോയി ഒഴുക്കി കളഞ്ഞു. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് ബോട്ട് പിടികൂടിയത്. ഭക്ഷ്യയോഗ്യമായ അമ്പത്തിയെട്ട് ഇനം കടൽ മത്സ്യങ്ങളെ നിയമ വിധേയമായ വലിപ്പത്തിന് താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി സീമയുടെയും കോസ്റ്റൽ എസ്.ഐ പി.പി ബാബുവിന്‍റേയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് കിട്ടിയ 3,23,250 രൂപ അടക്കം 5,73,250 രൂപ പിഴ ഈടാക്കി.

നാട്ടിക മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻരാജ്, എഫ്ഒ സഹന ഡോൺ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ് ആന്‍റ് വിജിലൻസ് വിങ്ങ് ഓഫീസർമാരായ വി.എൻ പ്രശാന്ത് കുമാർ, വി.എം ഷൈബു, ഇ.ആർ ഷിനിൽകുമാർ, കോസ്റ്റൽ എസ്ഐ കെ അജയ്, സീറെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ് എമ്മാട്ട്, സ്രാങ്ക് ദേവസ്യ, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ സ്പെഷൽ ടാസ്ക് സ്ക്വാഡുകളുടെ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും കുഞ്ഞൻ മത്സ്യങ്ങൾ കയറ്റി പോകുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തുമെന്നും, നിരന്തരം കുറ്റകൃത്യം ആവർത്തിക്കുന്ന വള്ളങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾ മജീദ് പോത്തന്നൂരാൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com