മലപ്പുറം: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രൻ സംസ്ഥാന സർക്കാരാണെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. അത്യാവശ്യ കാര്യങ്ങൾക്കുപോലും സർക്കാരിന്റെ കയ്യിൽ കാശില്ലെന്നും ഇത് ജനങ്ങളെ മുഴുവൻ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.(The biggest ultra-poor in Kerala is the state government, PK Kunhalikutty strongly criticizes)
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര പദ്ധതികൾക്കും കേരളത്തിന് പണം ലഭിക്കാതെ വരുമെന്ന് കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ചെലവ് ചുരുക്കൽ നടക്കുന്നില്ല. ഈ പ്രഖ്യാപനം സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാകും.
അതിദരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ വരും. ഇതിന് യു.ഡി.എഫ്. ബദൽ മാർഗം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരായ പി.എം.എ. സലാമിന്റെ വിവാദ പരാമർശത്തിലും പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വ്യക്തിപരമായ അധിക്ഷേപം മുസ്‌ലിം ലീഗിന്റെ രീതി അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"ലീഗിന് ഒരു രീതിയുണ്ട്. അന്തസ്സോടെയാണ് പ്രതികരിക്കാറുള്ളത്. വ്യക്തി അധിക്ഷേപം ലീഗിന്റെ രീതി അല്ല. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന രീതിയാണ് ലീഗിനുള്ളത്. ചില സമയങ്ങളിൽ നാക്കുപിഴ സംഭവിക്കാം. പി.എം.എ. സലാമിനെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ തിരുത്തിയിട്ടുണ്ട്." നാക്കുപിഴ ആർക്കും സംഭവിക്കാം എന്നും തനിക്ക് സംഭവിച്ചാലും പാർട്ടി തിരുത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
നേരത്തെ, പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടാണ് "മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണ്" എന്ന തരത്തിൽ പി.എം.എ. സലാം അധിക്ഷേപ പരാമർശം നടത്തിയത്. ഇതിനെത്തുടർന്ന് സലാം മാപ്പ് പറയണമെന്ന് സി.പി.ഐ.എം. ആവശ്യപ്പെട്ടിരുന്നു.