തിരുവനന്തപുരം : ഒമാൻ സന്ദർശനത്തിനെത്തിയ കേരള മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സംഘടിപ്പിച്ച ഘോഷയാത്രയിലെ ചില പ്രദർശനങ്ങളെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നു. ഘോഷയാത്രയിൽ പ്രദർശിപ്പിച്ച പശുവിന്റെ രൂപം ഉൾപ്പെടെയുള്ളവയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇത്തരം പൊതുപ്രദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒമാൻ ഗ്രാൻഡ് മുഫ്തി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.(The appearance of a cow in the procession organized to welcome the Chief Minister in Oman is controversial)
മസ്‌കറ്റിലെ അൽ അമിറാത്ത് പാർക്കിൽ മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് - കേരളാ വിഭാഗം സംഘടിപ്പിച്ച "ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്റെ" ഭാഗമായിരുന്നു ഘോഷയാത്ര. തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രിയെ ആനയിച്ചത്. കേരള പോലീസ് വേഷമിട്ട പ്രച്ഛന്നവേഷങ്ങളും പൂമാലയിട്ട പശുവിന്റെ രൂപം ചുമലിലേറ്റിയുള്ള പ്രദർശനവും ഇതിലുണ്ടായിരുന്നു.
ഇതിൽ പൂമാലയിട്ട പശുവിന്റെ രൂപം പ്രദർശിപ്പിച്ച പ്രകടനമാണ് ഒമാനിലെ തദ്ദേശിയരുടെ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഒമാൻ ഗ്രാൻഡ് മുഫ്തി അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി ഉൾപ്പെടെയുള്ളവരാണ് വിമർശനവുമായി എത്തിയത്. "സഹിഷ്ണുതയുടെ പേരിൽ മതത്തിന്റെ മൂല്യങ്ങളെ ദുർബലപ്പെടുത്തരുത്" എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ പ്രതികരിച്ചത്. ഇത്തരം രീതികൾ തടയാൻ ഭരണാധികാരികൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വിമർശനങ്ങളോട് പ്രതികരിച്ച് കമന്റുകളും എത്തി. ഇത് ഏതെങ്കിലും വിശ്വാസത്തിന്റെ ഭാഗമായുള്ള പ്രദർശനമല്ലെന്നും സാംസ്കാരിക പരിപാടിയുടെ ഭാഗമായ അലങ്കാരം മാത്രമാണെന്നുമുള്ള വിശദീകരണങ്ങൾ കമന്റുകളിലുണ്ട്.
എങ്കിലും, 'ഇത്തരം രീതികൾ അംഗീകരിക്കുന്നുണ്ടോ' എന്ന ചോദ്യങ്ങളോടെ ഒമാനിലെ പ്രാദേശിക മാധ്യമങ്ങളും സോഷ്യൽ മീഡിയ പേജുകളും ചർച്ച സജീവമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, പൊതുവിടങ്ങളിലെ പരിപാടികൾക്ക് വലിയ നിയന്ത്രണങ്ങളും ചിട്ടകളുമുള്ള ഗൾഫ് നാടുകളിൽ സംഘടിപ്പിക്കുമ്പോൾ സ്വയം പാലിക്കേണ്ട സാംസ്കാരിക നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.