കേരളത്തേക്കാൾ പഴക്കമുള്ള ഓണം? മലയാളികൾക്ക് മുന്നേ ഓണം ആഘോഷിച്ചവർ; തമിഴ്‌നാട് മുതൽ അസിറിയ വരെ ഓണത്തിന്റെ കഥകൾ|The Ancient Origins of Onam

The Ancient Origins of Onam
Published on

സർവ്വലോക മലയാളികളും ഒത്തുചേരുന്ന ദിനങ്ങളാണ് ഓണനാളുകൾ. അത്തം തുടങ്ങി പത്തുനാളും മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാകും കേരളക്കര. അസുരരാജാവായ മഹാബലിയെ പാതാളത്തിലെ സുതലത്തിലേക്ക് അയക്കാൻ അവതരിച്ച മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനൻ. മലയാളികളുടെ സ്വകാര്യാഹങ്കാരമായി വിശേഷിപ്പിക്കുന്ന ഓണം ശെരിക്കും നമ്മൾ മലയാളികളുടെ മാത്രം ആഘോഷമാണോ? ഐതിഹ്യങ്ങൾ പ്രകാരം കേരളീയരാണ് ഓണം വിപുലമായി ആഘോഷിച്ചിരുന്നത്. (The Ancient Origins of Onam)

എന്നാൽ, പുരാതന കാലത്ത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലും ഓണം ആഘോഷിച്ചിരുന്നുവത്രേ. സംഘകാലത്തെ കവിയായിരുന്നു, 'മാങ്കുടി മരുതനാർ' എഴുതിയ സംഘകാലകൃതിയായ 'മധുരൈക്കാഞ്ചി' എന്ന കൃതിയിൽ തമിഴ് ജനതയും ഓണം ആഘോഷിച്ചതായി പരാമർശിക്കുന്നുണ്ട്. എ ഡി രണ്ടാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും മധ്യത്തിലാണ് മധുരൈക്കാഞ്ചി രചിച്ചത് എന്ന് കരുതപ്പെടുന്നു. എങ്കിൽ ഇതേ കാലയളവിലെ തമിഴ് ജനതയും ഓണം ആഘോഷിച്ചിട്ടുണ്ടാവുക. ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന മാങ്കുടി മരുതനാർ പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി മധുരൈക്കാഞ്ചിയിൽ വർണ്ണിക്കുന്നത്. അക്കാലത്ത് 7 ദിവസമാണ് ഓണം ആഘോഷിച്ചിരുന്നത്. മധുരയിലെ അങ്ങാടികളിലും തെരുവുകളിലും ആളുകൾ കൂട്ടം ചേർന്ന് തങ്ങളുടെ ഇഷ്ടദൈവങ്ങളെ ആരാധിക്കുകയും ഉല്ലാസത്തോടെ നടക്കുകയും ചെയ്തിരുന്നതായി പറയുന്നു.

ഓണത്തെക്കുറിച്ച് 'ഇന്ദ്രവിഴാ' എന്നാണ് മാങ്കുടി മരുതനാരുടെ കൃതിയിൽ പറയുന്നത്. ഇന്ദ്രന്റെ വിജയം എന്നാണ് ഇതിന്റെ അർത്ഥം. അസുരരാജാവായ മഹാബലിയെ ദേവനായ വിഷ്ണു പരാജയപ്പെടുത്തിയതിന്റെ സൂചനയും ഇതിലുണ്ട്. അസുര-ദ്രാവിഡരാണ് ഈ ഓർമ്മ വർഷാവർഷം അനുസ്മരിച്ചു വന്നിരുന്നത്. പിന്നീടത് കാർഷിക - വാണിജ്യ ഉത്സവമായി മാറി. കർക്കടക മാസത്തിനുശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തിനായി കേരളത്തിൽ എത്തിയിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിശേഷിപ്പിക്കാൻ തുടങ്ങി.

ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്നു ആഘോഷങ്ങൾ അരങ്ങേറിയിരുന്നത്. മധുരയിലെ ഓണാഘോഷത്തിൽ 'ഓണസദ്യ' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച്‌ പറയുന്നുണ്ട്. കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് ഇവർ ഓണാഘോഷം നടത്തിയത്.

മലബാർ മാന്വലിന്റെ കർത്താവ് ലോഗൻ സായ്പിന്റെ അഭിപ്രായത്തിൽ എ.ഡി. 825 മുതലാണ്‌ ഓണം ആഘോഷിച്ചു തുടങ്ങിയത്‌. മഹാബലിയുടെ ഓർമ്മക്കായി ഭാസ്കര രവിവർമ്മയാണ് ഇത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കർത്താവ്‌ കൃഷ്ണപിഷാരടി, എ.ഡി. 620 നും 670 നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായും പറയുന്നു. ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്‌. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾ ഇവിടുത്തെ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹായിക്കുന്നുണ്ട്‌" – എന്ന് 10ാ‍ം നൂറ്റാണ്ടിൽ എഴുതപ്പെട്ട ശിലാലിഖിതങ്ങളിൽ പരാമർശിക്കുന്നുണ്ട്.

പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനൂലി സന്ദേശത്തിലും അഞ്ചാം ശതകത്തിൽ രചിച്ച ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ലെന്ന് എൻ.വി. കൃഷ്ണവാരിയർ പരാമർശിച്ചിട്ടുണ്ട്. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾക്ക് തുടക്കമായത് എന്നായിരുന്നു മലയാളസാഹിത്യകാരനായിരുന്നു കേസരി ബാലകൃഷ്ണപിള്ളയുടെ വാദം.

Related Stories

No stories found.
Times Kerala
timeskerala.com