

കൊച്ചിയിൽ സംഘടിപ്പിച്ച അലൻ വാക്കർ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും. കേരള പൊലീസിന്റെ പ്രത്യേകസംഘം ഡൽഹിയിലെത്തി അറസ്റ്റ് ചെയ്ത മൂന്നുപ്രതികളെയാണ് ഇന്ന് കൊച്ചിയിൽ എത്തിക്കുക. ഇവരിൽനിന്ന് 21 ഫോണുകളും പൊലീസ് പിടികൂടിയിരുന്നു.
കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു അലൻ വാക്കറിന്റെ നേത്യത്വത്തിൽ സംഗീത പരിപാടി നടന്നത്. 36 ഫോണുകൾ പരിപാടിക്കിടെ നഷ്ടമായതായി പോലീസിൽ പരാതി ലഭിച്ചതിന് പിന്നാലെയാണ് വിവരം പുറത്തറിയുന്നത്. ഇതിൽ ഐ ഫോണുകളാണ് 21 എണ്ണം. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ മോഷ്ടിച്ചത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്.