ഇടുക്കി: അടിമാലി കൂമ്പൻപാറയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ (NHAI) ഭാഗത്തുനിന്നുണ്ടായ വീഴ്ചയും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളുമാണെന്ന് കണ്ടെത്തൽ. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ നിർണ്ണായക കണ്ടെത്തൽ.(The Adimali landslide disaster was caused by the failure of the National Highway Authority.)
അടിമാലി കൂമ്പൻപാറയ്ക്ക് സമീപം ലക്ഷം വീട് ഉന്നതിയിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും എട്ട് വീടുകൾ പൂർണ്ണമായി തകരുകയും ചെയ്തിരുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് എൻ.എച്ച്.എ.ഐയുടെ അശാസ്ത്രീയ മണ്ണെടുപ്പാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കണ്ടെത്തിയത്.
ദേശീയപാത അതോറിറ്റിയിൽ നിന്ന് നിർമ്മാണത്തിന് കരാറെടുത്ത കമ്പനി മണ്ണെടുക്കുന്നതിലും പാറപൊട്ടിക്കുന്നതിലും വലിയ ശ്രദ്ധക്കുറവ് വരുത്തി. പാറപൊട്ടിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തടയുന്നതിൽ എൻ.എച്ച്.എ.ഐക്കും വീഴ്ച പറ്റിയെന്ന് പരിശോധനയിൽ കണ്ടെത്തി.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അശാസ്ത്രീയ മണ്ണെടുപ്പ് നടന്നെന്ന് വിവിധ വകുപ്പുകളിലെ പരിശോധനകളിൽ കണ്ടെത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ ഇടങ്ങളിൽ പരിശോധന തുടരുമെന്നും വിദഗ്ദ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
അപകടം നടന്നയിടത്തുനിന്ന് ഇടിച്ചിറങ്ങിയ മണ്ണ് പൂർണ്ണമായി നീക്കം ചെയ്ത ശേഷം വീണ്ടും പഠനങ്ങൾ തുടരും. സംരക്ഷണഭിത്തി ഉൾപ്പെടെ പുനർനിർമ്മിച്ച ശേഷമേ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ അനുമതി നൽകുകയുള്ളൂ.
അടിമാലിക്ക് സമാനമായി പലയിടത്തും അപകടസാധ്യതയുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്. അപകടഭീഷണിയിൽ ഇപ്പോഴും 29 വീടുകളുണ്ട്. ഇവരെ ദേശീയപാത അതോറിറ്റി പുനരധിവസിപ്പിക്കുമെന്നാണ് നിലവിലെ ധാരണ.