അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; മത്സരങ്ങൾ ഒളിമ്പിക്സ് മാതൃകയിൽ

അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; മത്സരങ്ങൾ ഒളിമ്പിക്സ് മാതൃകയിൽ
Published on

ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. നാളെ മുതൽ 28 വരെയാണ് കായികമേള സംഘടിപ്പിക്കുന്നത്. നാളെ വൈകുന്നേരം 4.00 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെയും മാസ്ഡ്രില്ലിന്റെയും റിഹേഴ്‌സൽ ഇന്ന് രാവിലെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിലയിരുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്‌കെ ഉമേഷും റിഹേഴ്‌സൽ കാണാനെത്തി. പുത്തരിക്കണ്ടം മൈതാനത്ത് സജ്ജമാക്കിയ ഭക്ഷണപ്പുരയിൽ വൈകീട്ട് നാല് മണിക്ക് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പാലുകാച്ചൽ ചടങ്ങ് നടന്നു.ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മേടയിൽ വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പുരയുടെ പ്രവർത്തനം. രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിപുലമായ ഭക്ഷണശാലയാണ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ളത്. ഇതടക്കം 4 പാചകപ്പുരകളും പാകം ചെയ്ത ഭക്ഷണം മറ്റ് നാലിടങ്ങളിൽ എത്തിച്ചുനൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും നാളത്തെ ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ.എം.വിജയൻ മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാന്റ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കും.മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിൽ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നു. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച തീം സോംഗാണ് ഇത്തവണത്തേത്.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് ഇത്തവണ നൽകുന്നത്. ഒക്ടോബർ 16 ന് കാസർകോഡ് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ പര്യടനം മറ്റെല്ലാ ജില്ലകളും താണ്ടി ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു. ഇന്ന് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലൂടെയും സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര സഞ്ചരിച്ചു.നാളെ(21ന്) രാവിലെ 10ന് പട്ടം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിച്ചേരുന്ന സ്വർണ്ണക്കപ്പ് ഘോഷയാത്ര അവിടെ നിന്നും ഉദ്ഘാടന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും. ഒക്ടോബർ 19ന് എറണാകുളത്ത് നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി പട്ടം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് ട്രോഫി ഘോഷയാത്രയുമായി ചേരും.

പത്ത് വർഷമായി കേരളത്തിൽ ഉണ്ടായ കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്സിബിഷനും അതിന്റെ ഭാഗമായുള്ള ചെറിയ കായിക വിനോദങ്ങളും പുത്തരിക്കണ്ടത്ത് ഭക്ഷണശാലയ്‌ക്കൊപ്പം ഒരുക്കിയിട്ടുണ്ട്. കായിക താരങ്ങളുടെ താമസത്തിനായി എഴുപത്തി നാലോളം സ്‌കൂളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെ സഞ്ചാരത്തിനായി 142 ബസ്സുകൾ വിവിധ സ്‌കൂളുകളിൽ നിന്നും സജ്ജമാക്കിയിട്ടുണ്ട്. മൈതാനങ്ങളിലും താമസ സ്ഥലത്തും പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരിച്ചിട്ടുണ്ട്. നിരോധിത ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്സൈസിന്റെ പ്രത്യേക ജാഗ്രതാ നിരീക്ഷണം ഉണ്ടായിരിക്കും. മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങൾക്ക് കളിസ്ഥലങ്ങളിലും താമസ സ്ഥലത്തും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സ്പോർട്സ് ആയുർവേദ, ഫിസിയോ തെറാപ്പി, സ്പോർട്സ് മെഡിസിൻ എന്നിവയുടെ സൗകര്യവും ആംബുലൻസ് സർവ്വീസും പ്രത്യേക മെഡിക്കൽ ടീം സേവനവും ഏർപ്പാടാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com