

തളിപ്പറമ്പ്: ഒന്നരവയസ്സുകാരൻ വിയാനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതി ഇന്ന് പ്രഖ്യാപിക്കും. കേസിലെ ഒന്നാം പ്രതിയായ കെ. ശരണ്യ (27) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, ഗൂഢാലോചന കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനാൽ രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ പി. നിധിനെ കോടതി വെറുതെ വിട്ടു.
2020 ഫെബ്രുവരി 17-നാണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്. തയ്യിൽ കൊടുവള്ളി ഹൗസിൽ പിതാവ് പ്രണവിനൊപ്പം ഉറങ്ങുകയായിരുന്ന മകൻ വിയാനെ, പാൽ നൽകാനെന്ന വ്യാജേന ശരണ്യ എടുത്തു കൊണ്ടുപോയി കടൽഭിത്തിയിൽ നിന്നും ഒൻപത് മീറ്റർ താഴ്ചയുള്ള കടലിലേക്ക് എറിയുകയായിരുന്നു. കാമുകനായ നിധിനൊപ്പം താമസിക്കാൻ ഭർത്താവിനെ കേസിൽ കുടുക്കി ഒഴിവാക്കുക എന്നതായിരുന്നു കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം.
തുടക്കത്തിൽ പ്രണവിനെ പ്രതിയാക്കാൻ ശരണ്യയുടെ ബന്ധുക്കൾ ശ്രമിച്ചെങ്കിലും പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ശരണ്യ കുറ്റം സമ്മതിച്ചു.വിചാരണ വേളയിൽ 47 സാക്ഷികളെ വിസ്തരിക്കുകയും 84 രേഖകളും 19 ഭൗതിക തെളിവുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
ജാമ്യത്തിലിറങ്ങിയ ശരണ്യ, 2025 ജനുവരിയിൽ വിചാരണ തുടങ്ങാനിരിക്കെ കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.രണ്ടാം പ്രതി നിധിനെതിരെ ചുമത്തിയ പ്രേരണക്കുറ്റവും ഗൂഢാലോചനയും (വകുപ്പുകൾ 120 ബി, 109) തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാവിധി സംബന്ധിച്ച വാദം കഴിഞ്ഞ ബുധനാഴ്ച പൂർത്തിയായിരുന്നു.