തിരുവനന്തപുരം : അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജിനെ അനുസ്മരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മുഖം നോക്കാതെ ഭരണകൂടങ്ങളെ എന്നും വിമര്‍ശിക്കാന്‍ ടിജെഎസ് ജോര്‍ജ് മടി കാണിച്ചിരുന്നില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
തീഷ്ണമായ തൂലികയും വിട്ടുവീഴ്ച്ചയില്ലാത്ത ശബ്ദവും കൊണ്ട് ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് വലിയ സംഭാവനകള്‍ നല്‍കി അദ്ദേഹം. വായനക്കാരെ ചിന്തിക്കാനും ഭരണകൂടത്തെ ചോദ്യം ചെയ്യാനും പൊതുവിഷയങ്ങളില്‍ ഇടപെടാനും പ്രേരിപ്പിച്ച മാധ്യമപ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്നു അദ്ദേഹം.
നിശിതമായ വിമര്‍ശനങ്ങളും രാഷ്ട്രീയ സംഭവങ്ങളെ ചരിത്രപരവും സാമൂഹികപരവുമായ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ഉള്‍ക്കാഴ്ച്ച നിറഞ്ഞ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ 'പോയിന്റ് ഓഫ് വ്യൂ' എന്ന കോളം കാല്‍നൂറ്റാണ്ടിലധികം കാലം രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ മുന്നോട്ടുനയിച്ചിരുന്നുവെന്ന് കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.